25
Nov 2024
Wed
25 Nov 2024 Wed
tamil rockers

ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് കോടികളുടെ നഷ്ടമുണ്ടാക്കിയ തമിഴ് റോക്കേഴ്സ് എന്ന പൈറസി വെബ്‌സൈറ്റിന്റെ റെക്കോഡിങ് തന്ത്രങ്ങള്‍ പുറത്ത്. (How Tamil Rockers pirated films) സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തീയറ്റര്‍ പ്രിന്റ് തമിഴ് റോക്കേഴ്സിന്റെ സൈറ്റില്‍ എത്തുമായിരുന്നു. 13 വര്‍ഷത്തോളമായി തമിഴ് റോക്കേഴ്‌സ് ഈ രംഗത്തുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രിന്റ് സിനിമകള്‍ സിഡികളില്‍ സുലഭമായ കാലഘട്ടത്തില്‍ അതില്‍ 90 ശതമാനവും പുറത്തിറങ്ങിയിരുന്നത് തമിഴ് റോക്കേഴ്സിന്റെ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഫയലുകളായിരുന്നു.

ഈ വര്‍ഷം ജൂലൈയില്‍ തമിഴ് റോക്കേഴ്സിലെ പ്രധാനികളിലൊരാളായ ജെബ് സ്റ്റീഫന്‍ രാജിനെ തിരുവനന്തപുരത്ത് വെച്ച് പൊലീസ് പിടികൂടിയതോടെയാണ് ഇവരുടെ രഹസ്യങ്ങള്‍ പലതും പുറത്ത് വന്നത്. ധനുഷിന്റെ രായന്‍ സിനിമ റെക്കോഡ് ചെയ്യുന്നതിനിടയിലാണ് സ്റ്റീഫന്‍ പിടിയിലായത്. തമിഴ് റോക്കേഴ്‌സിന്റെ സിനിമാ റെക്കോഡിങ് തന്ത്രങ്ങള്‍ വെളിപ്പെടുത്തിയത് സ്റ്റീഫന്‍ രാജ് ആണ്.

തന്റെ സീറ്റിലെ കപ്പ് ഹോള്‍ഡറില്‍ ഫോണ്‍ വെച്ച രീതിയിലായിരുന്നു ധനുഷിന്റെ അമ്പതാം സിനിമയായ രായന്‍ സ്റ്റീഫന്‍ റെക്കോഡ് ചെയ്തിരുന്നത്.

സിനിമ റിലീസിന് എറെ മുമ്പ് തന്നെ ഓണ്‍ലൈനായി അഞ്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയാണ് റോക്കേഴ്‌സ് ടീം ആദ്യം ചെയ്യുന്നത്. ഈ ആഞ്ച് ടിക്കറ്റുകളും മധ്യനിരയിലെ വ്യത്യസ്തമായ സീറ്റുകളിലായിരിക്കും.

എസി തണുപ്പിനെ പ്രതിരോധിക്കാനെന്ന പേരില്‍ ചെറിയ പുതപ്പോ ഷാളോ പുതച്ചായിരിക്കും ഇവര്‍ സീറ്റുകളിലിരിക്കുക. ചെറിയ ഒളിക്യാമറകളും മൊബൈല്‍ ക്യാമറകളും ഉപയോഗിച്ചാണ് ഷൂട്ടിങ്. ഒരു ഭാഗത്തെ ക്യാമറ മറയ്‌ക്കേണ്ടി വന്നാലും മറ്റ് നാല് ക്യാമറകളും സിനിമ റെക്കോഡ് ചെയ്യുന്നുണ്ടാകും.

ഒരു സിനിമയ്ക്ക് ഒരാള്‍ക്ക് 5,000 രൂപ എന്ന നിലയിലാണ് ഇവര്‍ക്ക് പണം ലഭിച്ചിരുന്നിരുന്നത്.

സ്റ്റീഫനും സംഘവും പിടിയിലായെങ്കിലും തമിഴ് റോക്കേഴ്സിന് പിന്നിലെ പ്രധാനികള്‍ ഇവരല്ല എന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ഒട്ടനേകം സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ശൃംഖല തന്നെ ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ് റോക്കേഴ്സ് സൈറ്റില്‍ സിനിമ അപ്ലോഡ് ചെയ്യും. മലയാളം ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തമിഴ് റോക്കേഴ്സിന്റെ പ്രവര്‍ത്തനം കൊണ്ട് നഷ്ടമുണ്ടായിട്ടുണ്ട്.

തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളായിരുന്നു തമിഴ് റോക്കേഴ്സിന്റെ പ്രധാന പ്രവര്‍ത്തനമേഖല.

2011ലാണ് തമിഴ് റോക്കേഴ്സിന്റെ ഉത്ഭവം. ആദ്യകാലഘട്ടത്തില്‍ തമിഴ് സിനിമകളാണ് ഇവര്‍ അപ്ലോഡ് ചെയ്തിരുന്നതെങ്കില്‍ പിന്നീട് അവ മലയാളം, കന്നഡ എന്നീ സിനിമാ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

പ്രാദേശിക ഭാഷകളിലിറങ്ങുന്ന സിനിമകളുടെയെല്ലാം തന്നെ പതിപ്പുകളെത്തിച്ച് തുടങ്ങിയതോടെ ഗ്രൂപ്പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. വ്യാജപ്പതിപ്പുകളിറക്കി ഏകദേശം 1 കോടിയോളം രൂപയാണ് ടീം സമ്പാദിച്ചിരുന്നത്.

മാര്‍ച്ച് 2018ല്‍ കേരള പോലീസ് മൂന്ന് പേരെ പൈറസി സംബന്ധമായ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ടീമില്‍ അംഗങ്ങളായിരുന്ന കാര്‍ത്തി എന്നയാളെയും പ്രഭു, സുരേഷ് എന്ന ഇയാളുടെ കൂട്ടാളികളെയും തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ സൈറ്റ് പ്രവര്‍ത്തനക്ഷമമല്ല. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം 2020ല്‍ നിലച്ചു. എന്നാല്‍ സൈറ്റിന്റെ പതിപ്പുകളും ഇതേ പേരില്‍ മറ്റ് ഗ്രൂപ്പുകളും സിനിമകളുടെ വ്യാജപ്പതിപ്പുകളുമായി സജീവമാണ്.