17
Apr 2024
Mon
17 Apr 2024 Mon
us gaza war protest

വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന് തലവേദനായി കാംപസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം പടരുന്നു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. യുസിഎല്‍എ യൂണിവേഴ്‌സിറ്റിയില്‍ ഫലസ്തീന്‍ അനുകൂലികളും ഇസ്രായേല്‍ അനുകൂലികളും ഏറ്റുമുട്ടി. ഗസാ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേല്‍ ക്മ്പനികളിലെ നിക്ഷേപം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ( Hundreds of students arrested in US Gaza war protests, scuffles at UCLA )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോസാഞ്ചലസിലെ കാലഫോണിയ യൂനിവേഴ്‌സിറ്റിയില്‍(യുസിഎല്‍എ) ഫലസ്തീന്‍ അനുകൂല പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തി പ്രാപിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധിക്കാന്‍ ഇസ്രായേല്‍ അനുകൂലികളും രംഗത്തെത്തിയത്. ഞാറാഴ്ച്ച ഇരു വിഭാഗം വിദ്യാര്‍ത്ഥികളെയും വേര്‍തിരിച്ചിരുന്ന ബാരിക്കേഡ് ചിലര്‍ തകര്‍ത്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉന്തും തള്ളും ചെറിയ തോതില്‍ ഏറ്റുമുട്ടലും നടന്നു. പോലീസ് ഇടപെട്ട് പിടിച്ചുമാറ്റി.

Police clear an encampment on the Northeastern University campus in Boston

പല കാംപസുകളിലും വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. ബോസ്റ്റണിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് 100ഓളം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. സമരപ്പന്തല്‍ പൊളിച്ചു മാറ്റി. യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലാത്ത ചിലര്‍ സമരത്തില്‍ നുഴഞ്ഞു കയറിയതായി അധികൃതര്‍ ആരോപിച്ചു. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം നിഷേധിച്ചു. ഇസ്രായേല്‍ അനുകൂലികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബ്ലൂമിങ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ പോലീസ് 23 പേരെ അറസ്റ്റ് ചെയ്തു. കാംപസില്‍ അനധികൃതമായി സമരപ്പന്തല്‍ കെട്ടിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അരിസോണ യൂണിവേഴ്‌സിറ്റിയില്‍ 69 പേരാണ് പിടിയിലായത്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ അറസ്റ്റിലായവരില്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്‌നും അവരുടെ പ്രചാരണ മാനേജറും ഉള്‍പ്പെടും.


പ്രതിഷേധം തണുപ്പിക്കാന്‍ പല യൂണിവേഴ്‌സിറ്റികളിലും നേതാക്കള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. പ്രക്ഷോഭം ഒതുക്കാന്‍ പോലീസ് കടുത്ത ബലപ്രയോഗം നടത്തുന്നതിന്റെ വീഡിയോകള്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പലയിടത്തും അധ്യാപകരെ ഉള്‍പ്പെടെ പോലീസ് അറ്‌സ്റ്റ്് ചെയ്തു.

കൊളംബിയയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിഷേധം രൂക്ഷമായത്. ഇതിനെ നേരിടാന്‍ 100 പേരെ അറസ്റ്റ് ചെയ്തതിനു പുറമെ പലരെയും സസ്പെന്‍ഡ് ചെയ്തു. ക്യാമ്പസുകളില്‍ സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനു തടസം സൃഷ്ടിക്കുന്ന നടപടിയാണ് അതെന്നു വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പ്രതിഷേധം മറ്റു കാംപസുകളിലേക്കും പടര്‍ന്നത്. പലയിടത്തും വിദ്യാര്‍ത്ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

അതിനിടെ ഗസയിലെ വംശഹത്യയ്‌ക്കെതിരായ പ്രതിഷേധം അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. കാനഡ, യൂറോപ്പ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പല യൂണിവേഴ്‌സിറ്റികളിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.