16
Aug 2023
Thu
16 Aug 2023 Thu

ബിജെപിയുടെ ആളല്ല, ഒരു രാഷ്ട്രീയത്തോടും താല്‍പര്യമില്ല; കര്‍ഷക സ്‌നേഹം മാത്രമെന്ന് ജയസൂര്യ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നെല്ല് സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക് വില നല്‍കിയില്ലെന്ന വിമര്‍ശനം ആവര്‍ത്തിച്ച് നടന്‍ ജയസൂര്യ. തന്റേത് കര്‍ഷക പക്ഷമാണ്. ഇടത്, വലത്, ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിനെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ ജയസൂര്യ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പരാമര്‍ശം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നടന്റെ വിശദീകരണം.

താന്‍ കര്‍ഷക പക്ഷത്താണ്. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു. കളമശ്ശേരിയിലെ വേദിയില്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്നും മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജയസൂര്യ കുറിച്ചു.

‘സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ലെന്ന് സുഹൃത്ത് കൃഷ്ണപ്രസാദ് പറഞ്ഞാണ് അറിയുന്നത്. അത് കടുത്ത അനീതിയായി എനിക്ക് തോന്നി. ആ നെല്ല് പുഴുങ്ങികുത്തി അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാവില്ലേ?, എന്നിട്ടും എന്താണ് പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത്?. നമ്മളെ ഊട്ടുന്നവര്‍ക്ക് സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വന്നതിലെ അനൗചിത്യമാണ് ഞാന്‍ ചൂണ്ടികാട്ടിയത്.’ ജയസൂര്യ പറഞ്ഞു.