ദോഹ: ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയോ ഇസ്രായേലോ ബോംബിട്ടാല്‍ തന്റെ രാജ്യത്തും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മൂന്ന് ദിവസത്തിനുള്ളില്‍ വെള്ളം തീര്‍ന്നുപോകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. (If Iran’s nuclear facility is attacked, Qatar will run out of drinking water within three days) തെക്കന്‍ ഇറാനിലെ ബുഷെഹര്‍ ആണവ നിലയം ഖത്തറിനും യുഎഇക്കും സമീപമാണ് സ്ഥിതി ചെയ്യുന്നത്.
|
വെള്ളിയാഴ്ച അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും അവതാരകനുമായ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്.
ഇറാനിലെ ബുഷെഹര്‍ ആണവ നിലയം എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ഇറാനിനും ഖത്തറിനും ഇടയിലുള്ള ജലാശയത്തിന് എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍, അത്തരമൊരു സംഭവം ‘പാരിസ്ഥിതിക ദുരന്തത്തിലേക്ക്’ നയിക്കുമെന്ന് ശെയ്ഖ് മുഹമ്മദ് ആല്‍ഥാനി പറഞ്ഞു.
‘വെള്ളം പൂര്‍ണ്ണമായും മലിനമാകും… മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യം (ഖത്തര്‍) മുഴുവന്‍ വെള്ളമില്ലാതെയാകും, ഇത് ഖത്തറിന് മാത്രമല്ല, കുവൈത്തിനും, യുഎഇക്കും, ആ ഭാഗത്തുള്ള നമുക്കെല്ലാവര്‍ക്കും ബാധകമാണ്.’
ഇറാന്റെ ആണവ പദ്ധതി നിര്‍ത്തണമെന്നും അല്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ച്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്.
ഇസ്രായേലിനെയും നെതന്യാഹുവിനെയും പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന ട്രംപിന്റെ നയം മിഡില്‍ ഈസ്റ്റ് മേഖലയ്ക്ക് പുതിയ ഭീഷണി ഉയര്‍ത്തുകയാണ്. ഗാസ യുദ്ധം വീണ്ടും ആരംഭിക്കുമെന്ന ആശങ്ക വീണ്ടും സജീവമായി.
ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരു യുഎസ് കോണ്‍ഗ്രസ് അംഗം തന്നോട് ആവശ്യപ്പെട്ടതായി ശെയ്ഖ് മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. എന്നാല്‍, അത് സാധ്യമല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഖത്തറും ഇറാനും ഭൂമിശാസ്ത്രപരമായി എത്രത്തോളം അടുത്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് മേഖലയുടെ ഒരു മാപ്പ് കാണിച്ചതായും പ്രധാനമന്ത്രി വിശദീകരിച്ചു.
അമേരിക്കന്‍ മാധ്യമങ്ങളില്‍ ഖത്തറിനെതിരെ നടക്കുന്ന വ്യാപകമായ തെറ്റായ പ്രചാരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
‘അത്തരമൊരു കാര്യം ചെയ്യുന്നതിലൂടെ അവര്‍ നമ്മളെ മാത്രമല്ല, മേഖലയെ ആകെ ഉപദ്രവിക്കുകയും അമേരിക്ക ഉള്‍പ്പെടെയുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസ വിഷയത്തില്‍ ഖത്തര്‍ വഹിച്ച മധ്യസ്ഥതയാണ് ഖത്തറിനെതിരായ ആക്രമണങ്ങള്‍ക്ക് കാരണം.


