17
Mar 2025
Sun
17 Mar 2025 Sun
Balesh Dhankhar founder of the Australian wing of the Overseas Friends of BJP

ആസ്‌ത്രേലിയയിലെ ബിജെപി പ്രവാസി സംഘടനാ സ്ഥാപക നേതാവ് ബാലേഷ് ധന്‍കറിന് ബലാല്‍സംഘം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് 40 വര്‍ഷം തടവ്. (BJP expatriate leader in Australia gets 40 years in prison for rapes) അഞ്ച് കൊറിയന്‍ സ്ത്രീകളെ ആസൂത്രിതമായി വലവീശിപ്പിടിച്ച് ബലാല്‍സംഗത്തിനിരയാക്കിയ കുറ്റത്തിനാണ് സിഡ്‌നി കോടതി ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ആസ്‌ത്രേലിയന്‍ ഘടകത്തിന്റെ സ്ഥാപക നേതാവാണ് ഇന്ത്യന്‍ വംശജനായ ധന്‍കര്‍. 13 ബലാല്‍സംഘങ്ങള്‍, ആറ് തവണ മയക്കു മരുന്ന് നല്‍കല്‍, 17 തവണ അനുമതിയില്ലാതെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കല്‍, മൂന്ന് തവണ ലൈംഗിക അതിക്രമം തുടങ്ങി 39 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

ALSO READ: ശരീരത്തിൽ 28 സ്റ്റിച്ച്, മുഖത്തും സ്വകാര്യ ഭാഗത്തും പരക്കെ പല്ലിൻ്റെ അടയാളം, മധ്യപ്രദേശിൽ അഞ്ചുവയസുകാരിയെ 17 കാരൻ ക്രൂരമായി ബലാൽസംഗം ചെയ്തു

2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2023 ഏപ്രിലില്‍ ധന്‍കര്‍ കുറ്റക്കരാനാണെന്ന് സിഡ്‌നി കോടതി കണ്ടെത്തിയിരുന്നു. 2018ല്‍ അഞ്ചാമത്തെ യുവതി ബലാല്‍സംഗത്തിന് വിധേയമായതിന് പിന്നാലെയാണ് പോലീസ് ഇയാളുടെ സിഡ്‌നിയിലെ ആസ്ഥാനത്ത് റെയ്ഡ് നടത്തി തെളിവുകള്‍ കണ്ടെത്തിയത്.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് സമാനമായ ഒരു കേസ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ജില്ലാ കോടതി ജഡ്ജി മൈക്കല്‍ കിങ് പറഞ്ഞു. പരസ്പര ബന്ധമില്ലാത്തതും ദുര്‍ബലകളുമായ അഞ്ച് സ്ത്രീകളെ ആസൂത്രിതമായി കെണിയില്‍ വീഴ്ത്തി ഇരകളാക്കിയ സംഭവമാണിതെന്നും ജഡ്ജി നിരീക്ഷിച്ചു.

Balesh Dhankhar rape case in Australia

കൊറിയന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്ക് തര്‍ജമ ചെയ്യാന്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നല്‍കിയാണ് ധന്‍കര്‍ ഇരകളെ ആകര്‍ഷിച്ചത്. സിഡ്‌നിയിലെ ഹില്‍ട്ടണ്‍ ഹോട്ടലിലുള്ള ബാറിലാണ് ഇരകളുമായുള്ള കൂടിക്കാഴ്ച്ച ഒരുക്കിയിരുന്നത്. അവിടെവച്ച് യുവതികള്‍ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം ഹോട്ടല്‍ മുറിയിലോ തൊട്ടടുത്തുള്ള ധന്‍കറിന്റെ അപാര്‍ട്ട്‌മെന്റിലോ ആണ് ബലാല്‍സംഗം ചെയ്തത്.

ഇരകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ, മയക്ക് മരുന്ന്, ഒളികാമറ എന്നിവ പോലീസ് ഇയാളുടെ താമസ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇരകളുടെ വ്യക്തിഗത വിവരങ്ങള്‍, അവരുമായുള്ള സംഭാഷണം, ദൗര്‍ബല്യങ്ങള്‍ തുടങ്ങിവ വ്യക്തമായി രേഖപ്പെടുത്തിയ എക്‌സല്‍ ഷീറ്റും പോലീസ് കണ്ടെത്തി.

2006ല്‍ വിദ്യാര്‍ഥിയായി ആസ്‌ത്രേലിയയില്‍ എത്തിയ ധന്‍കര്‍ അതിവേഗം ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ സ്ഥാനത്തേക്ക് വളരുകയായിരുന്നു. ആസ്‌ത്രേലിയന്‍ ഹിന്ദു കൗണ്‍സിലിന്റെ വക്താവായി പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ കമ്പനികളായ എബിസി, ബ്രിട്ടീഷ് അമേരിക്കന്‍ ടൊബാക്കോ, ടൊയോട്ട, സിഡ്‌നി ട്രെയിന്‍സ് എന്നിവയ്ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്.

2014ല്‍ മോദിയുടെ സിഡ്‌നി സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ആയിരുന്നു. എന്നാല്‍, 2018ല്‍ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചതായാണ് സംഘടന അവകാശപ്പെടുന്നത്.