Wayanad Landslide Live Updates |വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും: കേന്ദ്രമന്ത്രി
|
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമാണെന്ന് ബിജെപി നേതാവും കേന്ദ്ര വനംമന്ത്രിയുമായ ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ( Wayanad Landslide | It is an illegal protection to the illegal human habitation by the local politicians, says Union Minister Bhupender Yadav)
ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ്. പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ അനുവദിച്ചില്ല. കൈയേറ്റങ്ങള്‍ക്ക് ഇവര്‍ അനുമതി നല്‍കി. വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് അതിന്റേതായ പ്രധാന്യം നല്‍കിയില്ല. ടൂറിസത്തിനായി പോലും സോണുകള്‍ ഉണ്ടാക്കിയതുമില്ല.
ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയും മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമിയുമാണ്. എന്നിട്ടും തദ്ദേശ ഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും അവിടെ അനധികൃത ഖനനവും ജനവാസവും ഉണ്ടായി. അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയെ കേരളസര്‍ക്കാര്‍ അവഗണിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ സമിതി സംസ്ഥാന സര്‍ക്കാരിന് കത്തും നല്‍കി. എന്നാല്‍ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പദ്ധതി തയ്യാറാക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് ആവശ്യപ്പെട്ടു.
Illegal mining and immigration caused for Wayanas landslide says Union Minister bhupendra yadav





