27
Aug 2024
Mon
27 Aug 2024 Mon
Wayanad Landslide Live Updates lost documents

Wayanad Landslide Live Updates | രേഖകള്‍ നഷ്ടമായെങ്കില്‍ നോ ടെന്‍ഷന്‍; എല്ലാം ശരിയാക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടലില്‍ 400നടുത്ത് പേര്‍ മരിച്ചതിനൊപ്പം നിരവധി പേര്‍ക്കാണ് അവരുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായത്. എന്നാല്‍ ഇവയെല്ലാം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ 8086983523, 9496286723, 9745424496, 9447343350, 9605386561

DNA പരിശോധന, രക്തസാമ്പിള്‍ ശേഖരിക്കുന്നു

മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
തുടര്‍ന്ന് മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.

പുനരധിവാസത്തിന് പുത്തുമല വഴികാട്ടും

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിന് പുത്തുമല പുനരധിവാസമാകും വഴി കാട്ടുക. ഹര്‍ഷം എന്ന പേരില്‍ പുത്തുമലയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണ് പുനരധിവാസ പദ്ധതി നടപ്പാക്കിയത്. 63 പേര്‍ക്ക് ഇവിടെ വീടൊരുങ്ങി. ഏഴ് സെന്റ് സ്ഥലവും വീടും ഓരോരുത്തര്‍ക്കും ലഭിച്ചു. 2019 ലെ അതിവര്‍ഷത്തില്‍ 17 പേരുടെ ജീവനാണ് മേപ്പാടിയിലെ പുത്തുമലയില്‍ നഷ്ടമായത്. വീടും ഭൂമിയും നഷ്ടമായവരുടെ ജീവിതം വീണ്ടെടുക്കാന്‍ സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും കൈകോര്‍ത്തു. സന്നദ്ധ സംഘടനകള്‍ പുനരധിവാസത്തിന് വലിയ പിന്തുണ നല്‍കി. മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റാണ് ‘സ്‌നേഹ ഭൂമി’ എന്ന പേരില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന ഏഴ് ഏക്കര്‍ സ്ഥലം ഇതിനായി വാങ്ങി നല്‍കിയത്. വീടുകള്‍ക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഇവിടെ ആസൂത്രണം ചെയ്തിട്ടുണ്ട്.