10
Oct 2023
Wed
10 Oct 2023 Wed

US ജനപ്രതിനിധി സഭ സ്പീക്കറെ പുറത്താക്കി, പ്രമേയം അംഗീകരിച്ചു; ചരിത്രത്തിലാദ്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് (ജനപ്രതിനിധി സഭ) സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഫണ്ടിങ് ബില്‍ പാസാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തിയെ പുറക്കിയത്. 216 പേര്‍ മെക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210പേരാണ് എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് മെക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം ഉണ്ടായത്. ഇനി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന്‍ മക്കാര്‍ത്തി അറിയിച്ചു.

അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ സഭയില്‍ നിന്ന് ഈ രീതിയില്‍ പുറത്താക്കപ്പെടുന്നത്. പുതിയ സ്പീക്കര്‍ ആരായിരിക്കും എന്ന മത്സരത്തിനാണ് യുഎസ് സാക്ഷികളാവാന്‍ പോകുന്നത്. സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര നേതാക്കളാണ് പിന്തുണച്ചത്. കുറച്ച് പേരുടെ പിന്തുണ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സഭയിലെ വോട്ടുകള്‍ ഒന്നാകെ ഭിന്നിച്ചു. ഡെമോക്രാറ്റുകള്‍ പിന്തുണ നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന് സ്പീക്കറായി തുടരാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയും വന്നു.

ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55ാം സ്പീക്കറായി കെവിന്‍ മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 20 വിമത ആംഗങ്ങള്‍ മക്കാര്‍ത്തിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് തിരഞ്ഞെടുപ്പ് നാടകീയമായി മാറിയത്. 14 വിമതര്‍ പിന്നീട് നിലപാട് മയപ്പെടുത്തിയതോടെയാണ് മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച മാറ്റ് ഗേറ്റ്‌സ് മക്കാര്‍ത്തിക്ക് വോട്ട് ചെയ്യാന്‍ വിമത അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അതേസമയം സ്പീക്കറുടെ പുറത്താവല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ തമ്മിലടി രൂക്ഷമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 2024ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നതിന് അടക്കം പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ട്. നിരവധി കേസുകള്‍ നേരിടുന്ന ട്രംപിനെ പാര്‍ട്ടിയെ ഉയര്‍ത്തി കാണുന്നതിലാണ് പ്രധാന എതിര്‍പ്പ്. നേരത്തെ സര്‍ക്കാരിന്റെ അടിയന്തിര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീക്കര്‍ മക്കാര്‍ത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബില്‍ എത്രയും പെട്ടെന്ന് പാസായിരുന്നില്ലെങ്കില്‍ യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക