26
Jan 2025
Sat
26 Jan 2025 Sat
In Chhattisgarh, 60 Muslim families evicted

ചത്തീസ്ഗഡിലെ അംബികാര്‍പൂരില്‍ കൈയേറ്റം ആരോപിച്ച് 60 മുസ്ലിം വീടുകള്‍ അധികൃതര്‍ തകര്‍ത്തു. (In Chhattisgarh, 60 Muslim families evicted from ‘forest land’)  വനഭൂമിയിലേക്ക് അനധികൃത കൈയേറ്റം നടത്തിയെന്നാരോപിച്ച് ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റാണ് തിങ്കളാഴ്ച്ച ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തത്. എന്നാല്‍, മുസ്ലിം വീടുകള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടത്. അതേ പ്രദേശത്തുള്ള മറ്റു സമുദായങ്ങളുടെ വീടുകള്‍ വെറുതെ വിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”വനഭൂമിയില്‍ 200ഓളം വീടുകളുണ്ട്. എന്നാല്‍, മുസ്ലിം വീടുകള്‍ മാത്രമാണ് തകര്‍ത്തത്. 60 വീടുകള്‍ക്ക് വെള്ളിയാഴ്ച്ച് വൈകുന്നേരം നോട്ടീസ് നല്‍കിയിരുന്നു. വീടുകള്‍ തകര്‍ക്കുന്നതില്‍ സ്‌റ്റേ ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കോടതിയുടെ ഉത്തരവ് വരും മുമ്പ് തിങ്കളാഴ്ച്ച അധികൃതര്‍ ധൃതി പിടിച്ച് നടപടി സ്വീകരിക്കുകയായിരുന്നു”- പ്രാദേശിക മുസ്ലിം നേതാവ് ഗുലാം മുസ്തഫ പറഞ്ഞു.

സംസ്ഥാന വനം മന്ത്രി കേദാര്‍ കാശ്യപ് സുര്‍ഗുജ ജില്ല സന്ദര്‍ശിക്കുകയും കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്ത് മൂന്ന് ദിവസത്തിനകമാണ് വീടുകള്‍ പൊളിക്കാന്‍ ബുള്‍ഡോസര്‍ എത്തിയത്. 2017ല്‍ ഇവിടെ താമസിക്കുന്ന മുസ്ലിംകളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു പ്രചാരണം നടന്നിരുന്നു. ഇവര്‍ റോംഹിഗ്യര്‍ ആണെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം തള്ളിയ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടികള്‍ ഒഴിവാക്കുകയായിരുന്നു.

ALSO READ: മാനന്തവാടിയില്‍ യുഡിഎഫ്, എസ്ഡിപിഐ ഹര്‍ത്താല്‍ തുടങ്ങി; കടുവയെ തിരയാന്‍ തെര്‍മല്‍ ഡ്രോണ്‍, കുങ്കിയാനകളും ഇന്നെത്തും

20 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരെയാണ് ഒഴിപ്പിച്ചതെന്ന് മുസ്തഫ പറഞ്ഞു. ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികളാണ് ഇവര്‍.

തകര്‍ക്കപ്പെട്ടത് മുഴുവന്‍ മുസ്ലിം വീടുകളാണ്. തൊട്ടപ്പുറത്ത് ദലിതുകളും മറ്റ് വിഭാഗക്കാരും താമസിക്കുന്നുണ്ട്. എന്നാല്‍, മുസ്ലിംകളെ മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് മുസ്തഫ ആരോപിച്ചു.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ഒരുക്കണമെന്ന് റാസ യൂണിറ്റി ഫൗണ്ടേഷന്‍ സുര്‍ഗുജ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കുട്ടികളും പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ കൊടും തണുപ്പില്‍ തെരുവില്‍ കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ബിജെപി സര്‍ക്കാര്‍ മനപൂര്‍വ്വം മുസ്ലിംകളെ ദ്രോഹിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശാഫി അഹ്‌മദ് ആരോപിച്ചു. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിവരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍, 20 വര്‍ഷത്തിലേറെയായി ഇവര്‍ ഇവിടെ താമസിക്കുന്നുണ്ട്. ആ സമയത്ത് ബിജെപിയാണ് ഭരിച്ചിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയാണ്. പിന്നെ എങ്ങിനെയാണ് ബംഗ്ലാദേശില്‍ നിന്ന് ആളുകള്‍ ഇങ്ങോട്ട് നുഴഞ്ഞു കയറിയതെന്ന് അദ്ദേഹം ചോദിച്ചു.

നേരത്തേ ഇവര്‍ റോഹിന്‍ഗ്യന്‍സ് ആണെന്നാണ് ആരോപിച്ചിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ അത്തരത്തില്‍ യാതൊരു തെളിവും കണ്ടെത്താനായില്ല. ഇപ്പോള്‍ ബംഗ്ലാദേശികളാണെന്നാണ് ആരോപണം. അത് സ്ഥിരീകരിക്കാന്‍ അധികൃതര്‍ അന്വേഷണത്തിന് തയ്യാറാവണമെന്നും ശാഫി അഹ്‌മദ് ആവശ്യപ്പെട്ടു.