സൗദിയില്‍ ഇഖാമയുടെ കാലാവധി അവസാനിച്ചാലും പഠനം തുടരാം; കരട് തയാറായി
|
റിയാദ്: സൗദി അറേബ്യയില്‍ വിദേശ വിദ്യാര്‍ഥികളുടെ ഇഖാമയുടെ കാലാവധി അവസാനിച്ചാലും പഠനം തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ നിയമം പരിഷ്‌കരിക്കുന്നു. ഇഖാമ കാലാവധി തീരുന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ വിദേശ ജോലിക്കാരുടെ മക്കളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനു കാരണമല്ലെന്ന് വ്യക്തമാക്കുന്നതടക്കം 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ അവകാശങ്ങളില്‍ പുതുതായി നിരവധി വ്യവസ്ഥകള്‍ ചേര്‍ത്തു പരിഷ്‌കരിച്ചതാണ് കരട്.
സ്വദേശികളും വിദേശികളുമായ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങള്‍ സംബന്ധിച്ച് സൗദി മാനവശേഷി വികസന സാമൂഹ്യ ക്ഷേമ മന്ത്രാലയം ആണ് കരട് തയാറാക്കിയത്. ഇതിന്റെ ഭേദഗതി വൈകാതെ പ്രാബല്യത്തില്‍ വരും.
18 വയസ്സു വരെയുള്ള കുട്ടിയുടെ സംരക്ഷണം, പരിചരണം, വിദ്യാഭ്യാസം എന്നിവയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും ഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും അവഗണിക്കുന്നതും മനഃപൂര്‍വം ശാരീരിക, മാനസിക പീഡനങ്ങളേല്‍പിക്കുന്നതും ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളായിരിക്കും. കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വികാസത്തെ ദോഷകരമായി ബാധിക്കുകയോ അപമാനമുണ്ടാക്കുന്നതോ ആയ വാക്കുകളും പ്രവൃത്തികളും ബാലപീഡനമായി നിര്‍വചിച്ചിട്ടുമുണ്ട്. ആരോഗ്യം, മാനസികം, വിദ്യാഭ്യാസം, ബൗദ്ധികം, സാമൂഹികം, സാംസ്‌കാരികം, സുരക്ഷ തുടങ്ങിയ കുട്ടിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാതിരിക്കുന്നതെല്ലാം ബാല അവഗണനയുടെ നിര്‍വചനത്തില്‍ വരും.മാതാപിതാക്കളുടെ മരണം, ജയില്‍വാസം, വിവാഹമോചനം എന്നിവ കാരണമായി അവരുടെയോ, അടുത്ത ബന്ധുക്കളുടെയോ സംരക്ഷണം നഷ്ടപ്പെടുന്നവരും മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നവരുമായ കുട്ടികളുടെ രക്ഷാകര്‍തൃത്വം, പരിചരണം എന്നിവയെല്ലാം അടിസ്ഥാനാവകാശങ്ങളായി നിശ്ചയിച്ചിട്ടുണ്ട്.
ഭേദഗതി പ്രകാരം ഒരു കുട്ടിയെയും വിദ്യാഭ്യാസം തുടരുന്നതില്‍ നിന്ന് കുട്ടിയുടെ പൗരത്വമോ ഇഖാമ കാലാവധിയോ തടയാന്‍ പാടില്ല. രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ പരിചരണവും അടിസ്ഥാനാവകാശമായാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, രാജ്യത്തെ ഇഖാമ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം 19,199 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിക്കപ്പെട്ടവരില്‍ 11,742 പേര്‍ ഇഖാമ നിയമ ലംഘകരും 3354 പേര്‍ തൊഴില്‍ നിയമ ലംഘകരും 4103 പേര്‍ അതിര്‍ത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 916 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതില്‍ 46% യമനികളും 53% എത്യോപ്യക്കാരും 1% മറ്റു രാജ്യക്കാരും ആണ്.
അനധികൃതമായി സൗദിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ച 101 പേരും നിയമ ലംഘകര്‍ക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 11 പേരും പിടിയിലായവരില്‍ പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 9813 പേരെ നാട് കടത്തിയതായും അധികൃതര്‍ പ്രസ്താവിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





