21
Sep 2023
Sun
21 Sep 2023 Sun

ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന്: എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്‌ക്കെതിരെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് കലാശപ്പോരില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. വൈകിട്ട് മൂന്നിന് കോളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ സൂപ്പര്‍ ഫോറില്‍ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കലാശപ്പോരിന് ഇന്നിറങ്ങുന്നത്.

ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ 10 തവണ ഫൈനലില്‍ എത്തി. ശ്രീലങ്കയെ കൂടാതെ സൂപ്പര്‍ ഫോറില്‍ പാകിസ്താനെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു. 2018ല്‍ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂര്‍ണമെന്റിലും ചാമ്പ്യന്മാരാകാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലിന് ഫൈനല്‍ കളിക്കില്ല. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്.
ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.

അതേസമയം, പാകിസ്താനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഏഷ്യാകപ്പ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. അഞ്ചു തവണ ലങ്ക ചാമ്പ്യന്മാരായി. പരിക്കേറ്റ സ്പിന്നര്‍ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക.

ഇന്നത്തെ മത്സരവും മഴ തടസ്സപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഫൈനലിന് ഒരു റിസര്‍വ് ദിനം കൂടി അനുവദിച്ചിട്ടുണ്ട്.