ന്യഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നു. (INDIA alliance seat sharing in final stages in Bihar; Congress will lose seats) കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 15 സീറ്റുകള്‍ വരെ കുറഞ്ഞേക്കും. ആര്.ജെ.ഡി ഇത്തവണയും 144 സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം.
|
ബാക്കിയുള്ള സീറ്റുകള്‍ സി.പി.ഐ എം-എല്‍, സി.പി.ഐ, സി.പി.എം എന്നിവര്‍ക്കും പുതുതായി സഖ്യത്തിന്റെ ഭാഗമായ മുകേഷ് സാഹ്നി, പശുപതി പരസ് തുടങ്ങിയവര്‍ക്കുമായി നല്‍കാനുമാണ് സാധ്യത. 2020ല്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
ഇത്തവണയും 70 സീറ്റുകള്‍ തന്നെ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, 55 മുതല്‍ 60 വരെ സീറ്റുകള്‍ വിട്ടുകൊടുത്താല്‍ മതിയെന്നാണ് ആര്.ജെ.ഡി നേതാക്കള്‍ പറയുന്നത്.
മുകേഷ് സാഹ്നി, പശുപതി പരസ് തുടങ്ങിയവരെ ഉള്‍ക്കൊള്ളിക്കേണ്ടതും കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവും ചണ്ടിക്കാട്ടി സീറ്റുകളുടെ എണ്ണം കുറക്കുമെന്ന് ആര്.ജെ.ഡി നേതാക്കള്‍ പറയുന്നു. സീറ്റുകള്‍ പങ്കുവെക്കുന്നതില്‍ ഏറെക്കുറെ ധാരണായിട്ടുണ്ടെന്നും എല്ലാവര്ക്കും തൃപ്തികരമായ രീതിയില്‍ കാര്യങ്ങള്‍ ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്.ജെ.ഡി നേതാവ് വ്യക്തമാക്കി.
2020ല്‍ സി.പി.ഐ (എം-എല്‍) 19 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 12 സീറ്റിലും വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ 40 സീറ്റുകള്‍ വേണമെന്നാണ് സി.പി.ഐ (എം-എല്‍)ന്റെ ആവശ്യം.സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് മത്സരിച്ചത്. ഇതേ സീറ്റുകള്‍ തന്നെയായിരിക്കും ഇത്തവണയും ലഭിക്കുക.
60 സീറ്റുകള്‍ ആവശ്യപ്പെട്ട മുകേഷ് സാഹ്നിയുടെ വി.ഐ.പിക്ക് പരമാവധി 12 സീറ്റുകള്‍ നല്‍കാനാണ് ധാരണയായത്. 2020ല്‍ എന്‍.ഡി.എയുടെ ഭാഗമായി വി.ഐ.പി 11 സീറ്റുകളില്‍ മത്സരിക്കുകയും നാല് സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു.
ആര്.ജെ.ഡി അധ്യക്ഷനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ മുന്നണി നേരത്തെ ധാരണയിലെത്തിയിരുന്നു.


