ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനാണ് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി20 രാഷ്ട്ര നേതാക്കളെ അത്താഴത്തിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇറക്കിയ കുറിപ്പില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം സംബന്ധിച്ച അഭ്യൂഹം ഉയര്‍ന്നത്.
|
സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്.
ഈ മാസം നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റുന്ന തീരുമാനം വന്നേക്കുമെന്നാണ് വാര്‍ത്തകള്‍. ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യത്തിന്റെ പേര് മാറ്റുന്നു എന്ന വാര്‍ത്തകള്‍. രാജ്യത്തിന്റെ പേര് മാറ്റണമെങ്കില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ പേര് മാറ്റണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ ഇക്കാര്യം പൊതുപരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു.





