17
Jan 2025
Wed
17 Jan 2025 Wed
India Maldives

ന്യൂഡല്‍ഹി: ജനപ്രതിനിധികളെ വിലക്കെടുത്ത് മാലിദ്വീപ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇന്ത്യ പദ്ധതി തയാറാക്കിയെന്ന് റിപ്പോര്‍ട്ട്. (India plans to overthrow Maldivian government, reveals report) വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 2023ല്‍ മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ അട്ടിമറി നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍സേനയെ മാലിദ്വീപില്‍ നിന്ന് പുറത്താക്കുമെന്നും ചൈനയുമായുള്ള ബന്ധം ശക്തമാക്കുമെന്നും മുയിസു പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഇന്ത്യ അട്ടിമറി പദ്ധതി തയ്യാറാക്കിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നേതൃത്വത്തിലാണ് അട്ടിമറി നീക്കമുണ്ടായതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൈക്കൂലി നല്‍കി മാലിദ്വീപ് പാര്‍ലമെന്റിലെ 40 അംഗങ്ങളെ വിലക്കെടുക്കാനായിരുന്നു ഇന്ത്യയുടെ നീക്കം. മുയിസുവിന്റെ പാര്‍ട്ടിയിലെ അംഗങ്ങളേയും ഇത്തരത്തില്‍ വിലക്കെടുക്കാന്‍ ശ്രമിച്ചിരുന്നു.

ALSO READ: തീരദേശത്ത് എസ്.ഡി.പി.ഐ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുസ്ലിം ലീഗ്

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടേയും പൊലീസുകാരുടേയും ക്രിമനല്‍ സംഘങ്ങളുടേയും പിന്തുണ ഉറപ്പാക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു. ഏകദേശം ആറ് മില്യണ്‍ ഡോളര്‍ ആണ് ഇതിന് വേണ്ടി ഇന്ത്യ വകയിരുത്തിയത്.

2024 ജനുവരിയില്‍ മാലിദ്വീപ് പ്രതിപക്ഷ നേതാവിനോട് ഇന്ത്യ ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍, പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും വേണ്ട പിന്തുണ ലഭിക്കാതെ വന്നതോടെ നീക്കം പൊളിയുകയായിരുന്നു.

മാലിദ്വീപില്‍ മുമ്പുണ്ടായിരുന്ന പ്രസിഡന്റുമാരുമായി ഇന്ത്യക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ചൈനയോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന സമീപനമാണ് മുയിസു സ്വീകരിച്ചിരുന്നത്. ഇതാണ് അട്ടിമറി നീക്കത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്.