12
Feb 2024
Wed
12 Feb 2024 Wed
India U-19 Team in World Cup Final

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ആവേശത്തിനൊടുവില്‍ ഇന്ത്യ ഫൈനലില്‍, എതിരാളി ഓസ്‌ട്രേലിയയോ പാകിസ്താനോ?

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെനോനി: വിജയസാധ്യത മാറിമറിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ആതിഥേയരെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടി. ഒരോവര്‍ ശേഷിക്കെ രണ്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാളെ നടക്കുന്ന ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും ഇന്ത്യയുടെ എതിരാളി.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഏഴിന് 244 പിന്തുടര്‍ന്ന ഇന്ത്യ 11 ഓവറാവുമ്പോഴേക്കും നാലു വിക്കറ്റിന് 32 റണ്‍സെന്ന ദയനീയനിലയിലേക്ക് തകര്‍ന്നിരുന്നു. സചിന്‍ ദാസും (95 പന്തില്‍ 96) ക്യാപ്റ്റന്‍ ഉദയ് സഹാരനും (124 പന്തില്‍ 81) തമ്മിലുള്ള 171 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഈ കൂട്ടുകെട്ട് ഇന്ത്യയെ അഞ്ചിന് 203 എന്ന ശക്തമായ നിലയിലെത്തിച്ചു. എട്ടോവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 42 റണ്‍സ് ആയിരുന്നു ആ സമയം ണ്ടേിയിരുന്നത്. എന്നാല്‍ സെഞ്ചുറിക്കരികെ സചിന്‍ പുറത്തായ ശേഷം ആരവല്ലി അവനീഷിനെയും (10) മുരുഗന്‍ അഭിഷേകിനെയും (0) ഇന്ത്യക്ക് പെട്ടെന്ന് നഷ്ടപ്പെട്ടു. വിജയ റണ്ണിനോടവെ സഹാരനും പുറത്തായി. എന്നാല്‍ നേരത്തെ ഇന്ത്യന്‍ ബൗളിംഗിന് ചുക്കാന്‍ പിടിച്ച രാജ് ലിംബാനി സിക്‌സറും ബൗണ്ടറിയും വഴി (4 പന്തില്‍ 13 നോട്ടൗട്ട്) ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.

പതിനൊന്നോവറില്‍ 32 റണ്‍സെടുക്കുമ്പോഴേക്കും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ മുശീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ ഓപണര്‍ ആദര്‍ശ് സിംഗിനെ നഷ്ടപ്പെട്ടു. ക്വേന എംഫാകയുടെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ ലുഹാന്‍ ദ്രെ പ്രിറ്റോറിയസ് പിടിച്ചു. പകരം വന്ന മുശീറിനെയും (4) അര്‍ശിന്‍ കുല്‍ക്കര്‍ണിയെയും (12) ട്രിസ്റ്റന്‍ ലൂസിന്റെ ബൗളിംഗില്‍ രണ്ടാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ യുവാന്‍ ജെയിംസ് കീശയിലാക്കി. പ്രിയാന്‍ഷു മോളിയയെ ലൂസിന്റെ തന്നെ പന്തില്‍ വിക്കറ്റ്കീപ്പര്‍ പിടിച്ചു. പിന്നീട് ഉദയ് ഒരറ്റത്ത് നങ്കൂരമിട്ടപ്പോള്‍ ഒരു സിക്‌സറും 11 ബൗണ്ടറിയുമായി സചിന്‍ കടന്നാക്രമിച്ചു. സെഞ്ചുറിക്ക് നാല് റണ്‍സ് മാത്രം ശേഷിക്കെ എക്‌സ്ട്രാ കവറില്‍ അനായാസ ക്യാച്ച നല്‍കിയാണ് സചിന്‍ പുറത്തായത്.

അതേസമയം, പ്രിറ്റോറിയസിന്റെയും (102 പന്തില്‍ 76) റിച്ചാഡ് സെലറ്റ്‌സാവാനെയുടെയും (100 പന്തില്‍ 64) അര്‍ധ സെഞ്ചുറികളാണ് ആതിഥേയരെ ഏഴിന് 244 ലെത്തിച്ചത്. അവസാന പത്തോവറില്‍ ദക്ഷിണാഫ്രിക്ക 81 റണ്‍സടിച്ചു. രാജ് ലിംബാനി മൂന്നും (9-0-60-3) മുശീര്‍ ഖാന്‍ (10-1-43-2) രണ്ടും വിക്കറ്റെടുത്തു.

ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ഒമ്പതാം തവണയാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തുന്നത്. അഞ്ചുതവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. മൂന്ന് തവണ ഫൈനലില്‍ ഇന്ത്യയ്ക്ക് കാലിടറിയിട്ടുണ്ട്. അതേസമയം 2014ല്‍ ഒരു തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യനായത്. രണ്ടു തവണ ദക്ഷിണാഫ്രിക്ക ഫൈനലില്‍ തോറ്റിട്ടുണ്ട്. നാലാം തവണയും ഫൈനലിലെത്താന്‍ ആഫ്രിക്കന്‍ ടീമിന് അവസരം ലഭിച്ചെങ്കിലും ഇന്ത്യയ്ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

India U-19 Team in World Cup Final

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക