28
Sep 2023
Sat
28 Sep 2023 Sat

രോഹിതും കോഹ്‌ലിയും മടങ്ങി, തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടം; പാകിസ്താനോട് പ്രതിരോധത്തിലായി ഇന്ത്യ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ വീണ് ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കം ഇന്ത്യയുടെ മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. മഴമൂലം കളി തടസ്സപ്പെടുമ്പോള്‍ 11.2 ഓവറില്‍ 51ന് 3 എന്ന പരിതാപകരമായ നിലയിലാണ് ഇന്ത്യ. കോലിയും രോഹിതും അഫ്രീദിയുടെ പന്തില്‍ ബോള്‍ഡാകുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ 15ല്‍ നില്‍ക്കെ രോഹിത് ശര്‍മ പുറത്തായി. 22 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 11 റണ്‍സാണു നേടിയത്. ഏഴു പന്തുകള്‍ നേരിട്ട കോലി എടുത്തത് നാല് റണ്‍സ്. 9 പന്തില്‍ 14 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ ഹാരിസ് റൗഫിന്റെ പന്തില്‍ ഫഖര്‍ സമാന് ക്യാച്ച് കൊടുത്തും മടങ്ങി. ശുഭ്മന്‍ ഗില്ലും (22 പന്തില്‍ ആറ്), ഇഷാന്‍ കിഷനുമാണ് (ആറു പന്തില്‍ രണ്ട്) ക്രീസില്‍. കഴിഞ്ഞ 2 ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. ഇന്നും മഴ കനക്കുമെന്നാണ് പ്രവചനം.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മുഹമ്മദ് ഷമിക്ക് പകരം ശാര്‍ദുല്‍ ഠാക്കൂറിനു അവസരം നല്‍കി. സൂര്യകുമാര്‍ യാദവിനേയും പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ആദ്യ മത്സരം കളിച്ച അതേ ഇലവനെ തന്നെ പാകിസ്ഥാന്‍ നിലനിര്‍ത്തി.

ഇന്ത്യ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്ഥാന്‍ ഇലവന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, ആഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമദ്, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.