വാഷിങ്ടണ്‍: ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ(എഫ്ബിഐ) ഡയറക്ടറായി കാശ്യപ്(കാശ്) പട്ടേലിനെ നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.(Indian-American Kash Patel to head FBI) ഒന്നാം ട്രംപ് സര്‍ക്കാരില്‍ യുഎസ് ഡിഫന്‍സ് ഡിപാര്‍ട്ട്‌മെന്റ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു കാശ് പട്ടേല്‍. ട്രംപ് ഭരണകൂടത്തിലെ രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് കാശ് പട്ടേല്‍. തുള്‍സി ഗബ്ബാര്‍ഡിനെ നാഷനല്‍ ഇന്റലിജന്‍സ് മേധാവിയായി ട്രംപ് ഇതിനകം നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
|
”കാശ് പട്ടേലിനെ അടുത്ത എഫ്ബിഐ ഡയറക്ടറായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. കാശ് മിടുക്കനായ അഭിഭാഷകനും അന്വേഷകനുമാണ്. അമേരിക്കയിലെ അഴിമതി പുറത്തു കൊണ്ട് വരുന്നതിനും നീതി നടപ്പാക്കുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഒരു പോരാളി കൂടിയാണ് അദ്ദേഹം”- ട്രംപ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
നേരത്തേ കാശ് പട്ടേല്‍ സിഐഎ തലപ്പത്തെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, തന്റെ സന്തത സഹചാരിയായ ജോണ്‍ റാറ്റ്ക്ലിഫിനെയാണ് ട്രംപ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ജനിച്ച പട്ടേലിന്റെ വേരുകള്‍ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ബിരുദവും നേടി. ക്രിമിനല്‍ അഭിഭാഷകനായ പട്ടേല്‍ മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തത്. ഇതിനിടെയാണ് ട്രംപിനൊപ്പം ചേര്‍ന്നത്.


