ന്യൂഡല്‍ഹി: മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാകിസ്താന്‍ കനത്ത ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. (Indian military gives update of Pakistan attack) പാകിസ്താന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
|
സൈനിക കേന്ദ്രങ്ങളായിരുന്നു ആക്രമണ ലക്ഷ്യം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളില്‍ 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് പാകിസ്താന്‍ ആക്രമണ ശ്രമം നടത്തി.
ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാകിസ്താന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായി.
പാകിസ്താന്റെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.





