15
Oct 2024
Sun
15 Oct 2024 Sun
Indian passport services in UAE and Oman have been disrupted

UAEയിലെയും ഒമാനിലെയും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അവതാളത്തില്‍

whatsapp UAEയിലെയും ഒമാനിലെയും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അവതാളത്തില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ/മസ്‌കത്ത്: സാങ്കേതിക തടസ്സങ്ങളാല്‍ UAEയിലെയും ഒമാനിലെയും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അവതാളത്തില്‍. പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്നാണ് യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അവതാളത്തിലായത്. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ തകരാര്‍ ഇന്നും തുടരുമെന്ന് അബൂദബി ഇന്ത്യന്‍ എംബസി അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സര്‍വിസ് മുടങ്ങുന്നത് യു.എ.ഇയില്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞമാസവും പലവട്ടം പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ പണിമുടക്കിയിരുന്നു.

പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ തകരാറിലായതിനാല്‍ യുഎഇയിലെ BLS കേന്ദ്രങ്ങളില്‍ ഇന്നലെ പാസ്‌പോര്‍ട്ട് സര്‍വിസുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തല്‍കാല്‍, പി.സി.സി സേവനങ്ങളെയും ഇത് ബാധിച്ചു. ഇന്ന് വൈകുന്നേരം വരെ പ്രശ്‌നങ്ങള്‍ തുടരുമെന്നാണ് അബൂദബി ഇന്ത്യന്‍ എംബസി അറിയിച്ചത്.

പാസ്‌പോര്‍ട്ട് സേവന നടപടികള്‍ക്കായി ഇന്നലെ അപ്പോയിന്‍മെന്റ് ലഭിച്ചവര്‍ക്ക് ഈമാസം 13ന് അപ്പോയിന്‍മെന്റ് മാറ്റിനല്‍കിയിട്ടുണ്ട്. എന്നാല്‍ പഴയ അപ്പോയിന്‍മെന്റിലെ സമയക്രമം അതേപടി തുടരും. അന്നേദിവസം, ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്തവര്‍ക്ക് 13ന് ശേഷം അപ്പോയിന്‍മെന്റ് ഇല്ലാതെ തന്നെ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍, ഇത്തരത്തിലെത്തുന്ന അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം സേവനത്തിനായി കാത്തിരിക്കേണ്ടിവന്നേക്കാം.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുമെങ്കിലും ബി.എല്‍.എസ് കേന്ദ്രങ്ങളിലെ കോണ്‍സുലാര്‍, വിസാ സേവനങ്ങള്‍ പതിവ് പോലെ തുടരുന്നുണ്ട്.

അതേസമയം, സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ ഒമാനില്‍ താത്കാലികമായി നിര്‍ത്തിവച്ചത്. ഇന്ന് ഒമാന്‍ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വീസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Indian passport services in UAE and Oman have been disrupted

\