യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്നു. ഭവനരഹിതനായ യുഎസ് പൗരനാണ് അഭയം നല്‍കിയ വിവേക് സൈനിയെന്ന 25കാരനെ കൊലപ്പെടുത്തിയത്. ജോര്‍ജിയയിലാണ് സംഭവം. വിവേക് സൈനി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ദിവസങ്ങളോളം അഭയംതേടുകയും ഭക്ഷണവും വസ്ത്രവും അടക്കം സഹായമായി ചോദിച്ചുവാങ്ങുകയും ചെയ്ത ശേഷമാണ് ജൂലിയന്‍ ഫാല്‍കനര്‍ എന്ന അക്രമി യുവാവിനെ കൊലപ്പെടുത്തിയത്.
|
ദിവസങ്ങളായി സ്ഥാപനത്തില്‍ തമ്പടിച്ച ജൂലിയനോട് ഒഴിഞ്ഞുപോകണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പറഞ്ഞതോടെയാണ് ഇയാള്‍ വിവേക് സൈനിയുടെ തലയില്‍ ചുറ്റികയ്ക്ക് അടിച്ചത്. അടിയേറ്റു വീണ സൈനിയുടെ മുഖത്ത് അമ്പതോളം തവണ അടിച്ചതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തല തകര്‍ന്ന യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജനുവരി 16ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം.
പൊലീസ് എത്തിയപ്പോഴേക്കും അക്രമി യുവാവിന്റെ മൃതദേഹത്തിനു മുകളില്‍ ചുറ്റികയുമായി നില്‍ക്കുകയായിരുന്നു. പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഇയാളില്‍ നിന്ന് രണ്ട് കത്തികളും മറ്റൊരു ചുറ്റികയും പൊലീസ് പിടിച്ചെടുത്തു.
വിവേക് സൈനിയടക്കമുള്ളവരില്‍ നിന്ന് സിഗരറ്റും ഭക്ഷണവും ജാക്കറ്റും കൊക്കക്കോലയുമൊക്കെ സൗജന്യമായി കൈപ്പറ്റിയ ജൂലിയന്‍ സ്ഥാപനത്തില്‍ ദിവസങ്ങളോളം താമസിച്ചിരുന്നു. പുറത്ത് അതിശൈത്യമായതിനാല്‍ ജീവനക്കാര്‍ ഇയാളോട് പുറത്തിറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞദിവസം സ്റ്റോറിലെ ക്ലാര്‍ക്കായ സൈനി ഇയാളോട് പുറത്തുപോവാന്‍ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിനു കാരണമായത്. ബിടെക് ബിരുദം നേടിയ ശേഷം രണ്ടുവര്‍ഷം മുമ്പാണ് വിവേക് സൈനി യുഎസിലേക്ക് കുടിയേറിയത്. ഇവിടെയെത്തിയ ശേഷം സൈനി എംബിഎ പഠനം അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





