02
Jul 2023
Sun
02 Jul 2023 Sun

‘ഇന്ത്യ’ മുന്നണിയിലെ എം.പിമാര്‍ക്ക് മുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ച് മണിപ്പൂരികള്‍; സന്ദര്‍ശനം ഇന്നും തുടരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കലാപബാധിതപ്രദേശങ്ങളിലെത്തിയ ‘ഇന്ത്യ’ മുന്നണിയിലെ എം.പിമാര്‍ക്ക് മുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ച് മണിപ്പൂരികള്‍. 16 പ്രതിപക്ഷ കക്ഷികളില്‍നിന്നായി 21 അംഗ പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് ഇംഫാലിലെത്തിയത്. കലാപം രൂക്ഷമായ ചുരചന്ദ്പൂരിലാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. 21 അംഗ പ്രതിപക്ഷ പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ചുരചന്ദ്പൂരിലെ കുക്കിസോമി, മെയ്തി വിഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഒരു സംഘം ചുരാചന്ദ്പൂര്‍ കോളേജ് ബോയ്‌സ് ഹോസ്റ്റലിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആളുകളെ കണ്ടപ്പോള്‍ മറ്റൊരു സംഘം ചുരാചന്ദ്പൂരിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പിന്നീട് വൈകുന്നേരത്തോടെ ഒരു സംഘം ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാംഗ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മറ്റൊരു സംഘം ഇംഫാലിലെ ഐഡിയല്‍ ഗേള്‍സ് കോളേജിലെ ദുരിതാശ്വാസ കുക്കികളുടെ ക്യാമ്പ് സന്ദര്‍ശിച്ചു.

സംസ്ഥാനം സമാധാനപരമാണെന്ന സര്‍ക്കാര്‍ വാദം ശരിയാണെങ്കില്‍, കഴിഞ്ഞ മൂന്ന് മാസമായി ഉയര്‍ന്നുവന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എംപിമാര്‍ ചോദിച്ചു. മണിപ്പൂരിലെ ‘മൂര്‍ച്ചയേറിയതും നിശിതവുമായ വിഭജനത്തില്‍’ ആശങ്ക പ്രകടിപ്പിച്ച പ്രതിപക്ഷ എംപിമാര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനടപടി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സഹായം നല്‍കാന്‍ തയ്യാറാണെും പറഞ്ഞു.

സംഘം ഇന്നും സന്ദര്‍ശനം തുടരും. ഇന്നലെ പ്രധാനമായും കുക്കി പ്രദേശങ്ങളാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് മെയ്തി ക്യാംപുകളാകും കൂടുതലും കാണുക. തുടര്‍ന്ന് മണിപ്പൂര്‍ ഗവര്‍ണറെയും കണ്ട് ഡല്‍ഹിയിലേക്ക് മടങ്ങും