തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്നതിന്റെ ആഹ്ലാദത്തിനിടയിലും ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടി പോര് മൂര്‍ഛിക്കുന്നു. ( Internal fight in kerala BJP inspite of victory in Thrissur )എംപി സ്ഥാനത്തിനൊപ്പം മന്ത്രിപദവി കൂടി കരസ്ഥമാക്കുന്നതോടെ ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി വെള്ളംകോരിയ തങ്ങള്‍ വെറും കറിവേപ്പില ആയി മാറുമോ എന്ന ഭയത്തിലാണ് സംസ്ഥാന നേതാക്കള്‍. മറുവശത്ത് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ചിലര്‍ കളിച്ചു എന്ന ആരോപണവുമായി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
|
ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനെ തോല്‍പിക്കാന്‍ ഒരു മുതിര്‍ന്ന നേതാവും സംസ്ഥാന ഭാരവാഹിയും ശ്രമിച്ചെന്ന ആരോപണം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയപ്പോള്‍ പര്യടനത്തില്‍ നിന്ന് ആലപ്പുഴ ഒഴിവാക്കാന്‍ ചിലര്‍ കരുക്കള്‍ നീക്കിയെന്നാണ് ശോഭയുടെ പരാതി. പ്രചാരണ രംഗത്ത് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന് അവര്‍ പരാതി നല്‍കിയതായി വിവരമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ശോഭ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടടുത്ത മണ്ഡലത്തില്‍ മല്‍സരിച്ച വി മുരളീധരനെ ഉന്നമിട്ടാണ് ശോഭയുടെ ആരോപണം.

പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ജില്ലാ നേതൃത്വം അവഗണിച്ചതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഫല പ്രഖ്യാപനദിവസം സ്ഥലത്തുണ്ടായിട്ടും ബിജെപി ഓഫിസിലേക്ക് അനില്‍ എത്തിയിയിരുന്നില്ല. ഫലം വന്നതിനു ശേഷം പി.സി.ജോര്‍ജ് അനിലിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയതും ആഭ്യന്തര തര്‍ക്കം മൂര്‍ഛിക്കാനിടയാക്കിയിട്ടുണ്ട്.
മാവേലിക്കരയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി വോട്ടുവിഹിതം 2.25% വര്‍ധിപ്പിച്ചെങ്കിലും തൊട്ടടുത്ത മണ്ഡലങ്ങളില്‍ എന്‍ഡിഎ ഉണ്ടാക്കിയ നേട്ടത്തിന് ഒപ്പമെത്തിയില്ലെന്നാണു പരാതി. കോട്ടയത്ത് ബിജെപി ശക്തികേന്ദ്രമായ ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് വേണ്ട വോട്ട് കിട്ടിയില്ലെന്നാണു മറ്റൊരു പരാതി. പാലക്കാട് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാഞ്ഞതും ചര്‍ച്ചയായി. തിരുവനന്തപുരത്ത് ബിജെപി മുന്നേറിയെങ്കിലും വട്ടിയൂര്‍ക്കാവ് അടക്കമുള്ള മേഖലകളിലെ വോട്ട് ചോര്‍ന്നതും ചര്‍ച്ചയായിട്ടുണ്ട്.
കെ സുരേന്ദ്രന്‍ രാജ്യസഭയിലേക്ക്?

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ സുരേഷ് ഗോപിയുടെ സ്വാധീനം വര്‍ധിക്കും. ഇത് തങ്ങള്‍ക്ക് പാരയാവുമോ എന്നാണ് നേതൃത്വത്തില്‍ ചിലരുടെ ഭയം. കെ സുരേന്ദ്രനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാന്‍ നീക്കമുള്ളതായി വിവരമുണ്ട്. പക്ഷേ ഇതിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് പദവി വിട്ടുകൊടുക്കാന്‍ സുരേന്ദ്രന്‍ തയ്യാറല്ല. അതേ സമയം, രാജ്യസഭാ സീറ്റ് സുരേന്ദ്രന് നല്‍കുകയാണെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പദവി തനിക്ക് കിട്ടണമെന്നാണ് ശോഭയുടെ നിലപാട്. എന്നാല്‍, ശോഭയ്ക്ക് മറ്റ് ഉന്നത പദവികള്‍ എന്തെങ്കിലും നല്‍കി ഒതുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാക്കാന്‍ മണ്ഡലത്തില്‍ മല്‍സരിച്ചു തോറ്റ രാജീവ് ചന്ദ്രശേഖര്‍ തീരൂമാനിച്ചിട്ടുണ്ട്. സുരേഷ് ഗോപി മോഡല്‍ പ്രവര്‍ത്തനത്തിലൂടെ അടുത്ത തവണ മണ്ഡലം പിടിക്കാനാണ് നീക്കം. രാജീവ് ചന്ദ്രശേഖറിനെ പോലുള്ള ഒരു വ്യവസായി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുന്നതും മറ്റു നേതാക്കള്‍ ആശങ്കയോടെയാണ് കാണുന്നത്.





