|
കൊൽക്കത്ത: ഈഡൻ ഗാർഡൻസ് വെള്ളിയാഴ്ച ബാറ്റർമാരുടെ പൂരപ്പറമ്പായിരുന്നു. എല്ലാ ബൗളർമാരെയും തല്ലി തകർത്തു. ആദ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താണ്ഡവം. പിന്നീട് പഞ്ചാബിന്റെ ഇതിനെ വെല്ലുന്ന മറുപടിയും. ടി20 ക്രിക്കറ്റിൽ ചേസിങ് അടിസ്ഥാനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡ് അങ്ങനെ പഞ്ചാബ് സ്വന്തമാക്കി. അതും എട്ട് ബോളുകൾ ബാക്കിനിൽക്കേ. ഐ.പി.എലിലെ റെക്കോഡും ഇതുതന്നെ. സ്കോർ- കൊൽക്കത്ത: 261/6 (20 ഓവർ). പഞ്ചാബ്: 262/2 (18.4 ഓവർ).
48 പന്തിൽ 108 റൺസ് നേടി പുറത്താവാതെ നിന്ന ജോണി ബെയർസ്റ്റോ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് പ്രഭ്സിമ്രാനും ബെയർസ്റ്റോയും നൽകിയത്. ബെയർസ്റ്റോ പതിയെ തുടങ്ങിയപ്പോൾ പ്രഭ്സിമ്രാൻ ആക്രമിച്ച് കളിച്ചു. വെറും 19 പന്തിൽ ഫിഫ്റ്റിയടിച്ച താരം 20 പന്തിൽ 54 റൺസ് നേടി റണ്ണൗട്ടായി. ആദ്യ പവർ പ്ലേയിൽ 93 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് പ്രഭ്സിമ്രാൻ മടങ്ങിയത്. രണ്ടാം വിക്കറ്റിലെത്തിയ റൈലി റുസോ അല്പം ബുദ്ധിമുട്ടിയെങ്കിലും ഫോമിലേക്കെത്തിയ ബെയർസ്റ്റോ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. സുനിൽ നരേൻ ഒഴികെ ബാക്കിയുള്ളവരെല്ലാം അടിവാങ്ങി. 24 പന്തിൽ ബെയർസ്റ്റോ ഫിഫ്റ്റി നേടി. ഇതിനിടെ 16 പന്തിൽ 26 റൺസ് നേടിയ റുസോയെ സുനിൽ നരേൻ പുറത്താക്കി.
നാലാം നമ്പറിൽ ശശാങ്ക് സിംഗ് എത്തിയതോടെ രണ്ട് ഭാഗത്തുനിന്നും ബൗണ്ടറികൾ പ്രവഹിക്കാൻ തുടങ്ങി. ഇതിനിടെ 45 പന്തിൽ ബെയർസ്റ്റോ മൂന്നക്കത്തിലെത്തി. 23 പന്തിൽ ശശാങ്ക് സിംഗ് ഫിഫ്റ്റിയും തികച്ചു. ഈ സഖ്യം പഞ്ചാബിനെ റെക്കോർഡ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബെയർസ്റ്റോയ്ക്കൊപ്പം 28 പന്തിൽ 68 റൺസ് നേടിയ ശശാങ്കും നോട്ടൗട്ടാണ്. ഏറ്റവും ഉയർന്ന ടി20 ചേസ് എന്നതിനൊപ്പം ടി20യിൽ ഏറ്റവുമധികം സിക്സർ പിറന്ന മത്സരവും ഇതാണ്. ആകെ 42 സിക്സറുകളാണ് ഈ മത്സരത്തിൽ പിറന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കായി മിന്നും തുടക്കമാണ് സുനിൽ നരെയ്നും ഫിൽ സാൾട്ടും നൽകിയത്. ഇരുവരും ചേർന്ന് പത്തോവറിൽ 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 11-ാം ഓവറിലാണ് കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അർധ സെഞ്ചുറികളുമായി നരെയ്നും സാൾട്ടും മടങ്ങിയതോടെ പിന്നീട് വന്ന ബാറ്റർമാർക്ക് കാര്യമായ പണികളൊന്നും എടുക്കേണ്ടിവന്നില്ല. ഫലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 261 റൺസ്.
ജയത്തോടെ പഞ്ചാബ് മുംബൈയെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. കൊൽക്കത്ത രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.


