18
Oct 2023
Tue
18 Oct 2023 Tue

ജിദ്ദ: ഇസ്രായേലില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയെ സഹായിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പറേഷന്‍(ഒഐസി) അടിയന്തരമായി സമ്മേളിക്കണമെന്ന് അംഗരാജ്യങ്ങളായ ഇറാന്‍, ഇറാഖ് വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ല അല്‍ലഹിയാന്‍ ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈന്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. പലസ്തീനിലെയും അവിടുത്തെ അല്‍അഖ്സ മസ്ജിദിലെയും സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതിന് അടിയന്തര യോഗം വിളിക്കാന്‍ ഒഐസിയോട് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലുടനീളം നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും വീക്ഷണങ്ങള്‍ കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ നല്‍കുന്നതിനായി മുസ് ലിം രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും യോജിപ്പും അനിവാര്യമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തിനും അധിനിവേശത്തിനും എതിരെ നിലകൊള്ളാനുള്ള പലസ്തീനികളുടെ നിയമപരമായ അവകാശവും ഇറാന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഇസ്രായേലി ആക്രമണത്തിനും അല്‍-അഖ്‌സ മസ്ജിദ് ഉള്‍പ്പെടെയുള്ള വിശുദ്ധ ഇസ് ലാമിക പുണ്യ കേന്ദ്രങ്ങള്‍ക്കുമെതിരേ നടന്നുവരുന്ന ഇസ്രായേല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനുമുള്ള സ്വാഭാവിക പ്രതികരണമായാണ് ശനിയാഴ്ച ഹമാസ്, ഗാസ ആസ്ഥാനമായുള്ള മറ്റ് ചെറുത്തുനില്‍പ്പ് പോരാളികള്‍ എന്നിവര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ഇരു വിദേശകാര്യ മന്ത്രിമാരും വിശേഷിപ്പിച്ചത്.
ഒഐസി അടിയന്തരമായി യോഗം ചേരണമെന്നാവശ്യപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് നാസര്‍ കനാനിയും പ്രസ്താവനയിറക്കിയിട്ടുണ്ട്.