സിറിയയില്‍ ഇസ്രായേല്‍ ഭീകരാക്രമണം; 5 ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; കടുത്ത മുന്നറിയിപ്പുമായി ഇറാന്‍; യുദ്ധം വ്യാപിക്കുമെന്ന് ഉറപ്പായി
|
സന്‍ആ: സിറിയയില്‍ ഇസ്രേയേല്‍ നടത്തിയ ഭീകരാക്രമണത്തില്‍ 5 ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധം വ്യാപിക്കുമെന്ന് ഉറപ്പായി. ഇന്നലെയാണ് ഇസ്രായേലിന്റെ ആക്രമണം. ഏതാനും സിറിയന്‍ പൗരന്മാരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. തലസ്ഥാനമായ ദമസ്‌കസിലെ മസ്സെഹില്‍ ബഹുനില കെട്ടിടത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ അറിയിച്ചു. കെട്ടിടത്തില്‍ നാലുമിസൈലുകള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നാലുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയതോടെയാണ് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് മേധാവിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡിലെ സിറിയയിലെ ഇന്റലിജന്‍സ് മേധാവിയും അദ്ദേഹത്തിന്റെ രണ്ട് ഗാര്‍ഡ് അംഗങ്ങളുമുള്‍പ്പെടെയുള്ള സൈനിക ഉപദേഷ്ടാക്കളാണ് കൊല്ലപ്പെട്ടത്. അലി അഗസാദിഹ്, ഹുജ്ജത്തുല്ല ഒമിദ്വാര്‍, മുഹമ്മദ് അമിന്‍ സമദി, ഹുസൈന്‍ മുഹമ്മദി, സയ്യിദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇറാന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ തുണയ്ക്കുന്ന ഇറാനിയന്‍ ഉപദേഷ്ടാക്കളാണ് ബഹുനില കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും ഇത് പൂര്‍ണമായും തകര്‍ന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. നേരത്തെയും ഇസ്രായില്‍ ഇപ്രകാരം ഭീകരാമക്രമണം നടത്തിയിരുന്നു. ഇതിന് പകരമെന്നോണം ഈയിടെ ഇസ്രായിലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.
പിന്നാലെ ഇസ്‌റാഈലിന് കനത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നത് മേഖലയിലെ സംഘര്‍ഷം വ്യാപിപ്പിക്കുമെന്ന് ഉറപ്പായി. ഇറാന്‍ ഇസ് ലാമിക് റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സിലെ നാല് അംഗങ്ങളെ കൊലചെയ്ത ഇസ്‌റാഈല്‍ നടപടിക്ക് കനത്ത പ്രതികാരംചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ പ്രതികരിച്ചു. മേഖലയിലെ അസ്ഥിരത വ്യാപിപ്പിക്കാന്‍ ഇസ്‌റാഈല്‍ മനപ്പൂര്‍വമാണ് സിറിയയില്‍വച്ച് തങ്ങളുടെ സൈനികരെ കൊലപ്പെടുത്തിയത്. സയണിസ്റ്റ് രാജ്യത്തിന്റെ സംഘടിത ഭീകരപ്രവര്‍ത്തനത്തിന് യോജിച്ച സമയത്ത്, യോജിച്ച പ്രതികാരം ചെയ്യും- ഇറാന്‍ വിദേശകാര്യവക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഇറാനും പാകിസ്താനും തമ്മിലുള്ള ബന്ധവും വഷളായനിലയിലാണ്. ഇതിനിടെയാണ് ഇറാന്റെ സൈനികരെ ഇസ്‌റാഈല്‍ സിറിയയില്‍വച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ ഇസ്‌റാഈലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
Iran warns air strike on Syria will not go unanswered


