21
Jan 2023
Sun
21 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ക്കുകയായിരുന്നു. മല്‍സരത്തിന്റെ ആദ്യ 22 മിനിറ്റിനിടെയാണ് നാല് ഗോളും വീണത്. പിന്നീട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തീര്‍ത്തതിനാല്‍ കൂടുതല്‍ ഗോളുകള്‍ മുംബൈയില്‍ നിന്നും വന്നില്ല. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറാന്‍ ഒരവസരവും നല്‍കാതെയാണ് മുംബൈ സിറ്റി കുതിച്ചത്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ജ്ജ് പെരേരേ ഡയസ്സ് (4, 22) മുന്‍ ജെംഷഡ്പൂര്‍ താരം ഗ്രേഗ് സ്റ്റുവര്‍ട്ട് (10), ബിപിന്‍ സിങ് (16) എന്നിവരാണ് മുംബൈയ്ക്കായി സ്‌കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ പകുതിയില്‍ നാല് ഗോളിന്റെ ലീഡ് വഴങ്ങി തോല്‍ക്കുന്നത്.

ലെസ്‌കോവിച്ചും സന്ദീപ് സിങും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ഇവര്‍ക്ക് പകരം ഖാബ്രയും വിക്ടര്‍ മോങിലുമാണ് ഡിഫന്‍സീവില്‍ ഇറങ്ങിയത്. ഈ മാറ്റം ടീമിന് തിരിച്ചടി ആവുകയായിരുന്നു. രാഹുല്‍, സഹല്‍, ലൂണ, ദിമിത്രോസ് എന്നിവര്‍ അറ്റാക്കിങിലുണ്ടായിരുന്നെങ്കിലും കാര്യമായ നീക്കങ്ങള്‍ നടത്താനായില്ല. ജയത്തോടെ മുംബൈ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.