20
Nov 2023
Fri
20 Nov 2023 Fri

ഗസ്സയില്‍ വെടിയൊച്ച നിലച്ചു; വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഏഴ് ആഴ്ചകളോളം നീണ്ട ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ വെടിയൊച്ച നിലച്ചു. ഇന്ന് രാവിലെ പ്രാദേശികസമയം ഏഴ് മണി മുതല്‍ (ഇന്ത്യന്‍ സമയം 10.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. 13 ബന്ദികളെ ഇന്ന് വൈകീട്ട് കൈമാറും. നാലു ദിവസത്തെ (96 മണിക്കൂര്‍) താല്‍കാലിക യുദ്ധവിരാമത്തിനാണ് കരാര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ബന്ദികളില്‍ നിന്നുള്ള ആദ്യ സംഘത്തെ വൈകീട്ട് നാല് മണിയോടെ മോചിപ്പിക്കും. ഇസ്രയേല്‍ 39 ഫലസ്തീന്‍ തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും. മോചിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ബന്ദികളുടെ പട്ടിക ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചുനല്‍കിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍അന്‍സാരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 ഫലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ. വെടിനിര്‍ത്തലിന് പുറമേ, ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കും

അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ്ക്രസന്റ് എന്നീ കൂട്ടായ്മകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. കരാര്‍ വ്യവസ്ഥകള്‍ ഇരുപക്ഷവും കൃത്യമായി പാലിക്കണമെന്ന് മധ്യസ്ഥതക്ക് നേതൃത്വം കൊടുത്ത രാജ്യങ്ങള്‍ വ്യക്തമാക്കി. ഖത്തറും ഈജിപ്തും അമേരിക്കയും സംയോജിച്ചാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നത്. വെടി നിര്‍ത്തല്‍വേളയില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയം തീര്‍ന്നാല്‍ വീണ്ടും ആക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പും ഗാസയിലുടനീളം ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എല്ലാം കര, വ്യോമ ആക്രമണം ശക്തമാക്കിയിരുന്നു. അവസാനത്തെ കണക്കുകള്‍ പ്രകാരം ഗാസയിലെ മരണ സംഖ്യ പതിനയ്യായിരമായി. 6150 പേര്‍ കുട്ടികളും നാലായിരം പേര്‍ സ്ത്രീകളും ആണ് മരിച്ചത്. പരിക്കേറ്റവരുടെ എണ്ണം 36,000 കവിഞ്ഞു.

Four-day Gaza truce agreed by Hamas and Israel takes effect for first time after seven weeks of war.