17
Dec 2024
Wed
17 Dec 2024 Wed
hamas kills israeli soldiers

ഗസാ സിറ്റി: ഗസയിലെ ചെറുത്തുനില്‍പ്പിന്റെ മുനയൊടിച്ചു എന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ സൈന്യത്തിന് വീണ്ടും തിരിച്ചടി. (Israel suffers another setback in Gaza; Hamas kills three Israeli soldiers) ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ ഗസാ മുനമ്പിലാണ് ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണം. ക്യാപ്റ്റന്‍ ഇലായ് ഗവ്‌റിയേല്‍ അതെദ്ഗി (22), സ്റ്റാഫ് സര്‍ജന്റ് നതാനേല്‍ പെസാഷ് (21), ഫസ്റ്റ് ക്ലാസ് റിസ. സര്‍ജന്റ് ഹിലേല്‍ ദെയ്‌നെര്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

ALSO READ: മലപ്പുറത്ത് സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ വിദ്യാര്‍ഥി കിണറ്റിൽ മരിച്ച നിലയിൽ

കെഫിര്‍ ബ്രിഗേഡിന്റെ ഷിംഷന്‍ ബറ്റാലിയനിലെ അംഗങ്ങളായിരുന്നു ഇവര്‍. ബയ്ത് ഹനൂന്‍ പ്രദേശത്ത് നടന്ന ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. ഇതോടെ, ഗസയില്‍ ഒക്ടോബര്‍ ഏഴിനുശേഷം ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 391 ആയി.

അതേ സമയം, 12 സൈനികര്‍ വീടിനകത്തുണ്ടായിരുന്നുവെന്നും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.

തിങ്കളാഴ്ച മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തുകയും വടക്കന്‍ ഗസാ മുനമ്പിലെ ബയ്ത് ലാഹിയയിലെ ഒരു വീട്ടില്‍ ഇസ്രായേല്‍ സേനയുടെ പിടിയിലായിരുന്ന ഫലസ്തീനികളെ രക്ഷിക്കുകയും ചെയ്തതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഇസ്രായേല്‍ സൈനികരുടെ ആയുധങ്ങള്‍ ഹമാസ് പിടിച്ചെടുക്കുകയും ബന്ദികളാക്കിയ നിരവധി ഫലസ്തീനികളെ മോചിപ്പിക്കുകയും ചെയ്തതായും അല്‍ ഖസ്സാം ബ്രിഗേഡ്‌സ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, നെത്സാരിം ഇടനാഴിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണം തുടരുകയാണ്. സൈനികരെയും വാഹനങ്ങളെയും ലക്ഷ്യമിട്ട് 107 കാലിബര്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഫതഹിന്റെ സൈനിക വിഭാഗമായ അല്‍ അഖ്‌സ മാര്‍ട്ടിര്‍സ് ബ്രിഗേഡ് അറിയിച്ചു.

അതേസമയം, ഗസാ സിറ്റിയില്‍ ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ഹമാസ് സുരക്ഷാ സേനയില്‍പ്പെട്ട മുതിര്‍ന്ന അംഗം കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞദിവസം സെന്‍ട്രല്‍ ഗസാ മുനമ്പിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 50ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഹമാസിന്റെ നേതൃത്വത്തിലുള്ള മീഡിയഓഫീസ് അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു
അതേസമയം, ഖത്തറില്‍ ദിവസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കു ശേഷം മധ്യസ്ഥ സംഘം ഇസ്രായേലിലേക്കു മടങ്ങി. ബന്ദിമോചനവും വെടിനിര്‍ത്തലും സംബന്ധിച്ച വിശദാംശങ്ങളില്‍ പുരോഗതി ഉണ്ടായതായി സംഘം അറിയിച്ചു. ഇസ്രായേലില്‍ നടക്കുന്ന ആഭ്യന്തര ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനത്തിലെത്തും. ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ദോഹയില്‍ ചര്‍ച്ചകള്‍ നടന്നത്.