ഹമാസ് പോരാളികളെന്ന് കരുതി ബന്ദികളെ കൊന്ന് ഇസ്രായേല്‍ സൈന്യം; സഹിക്കാനാവാത്ത ദുരന്തമെന്ന് നെതന്യാഹു
|
ടെല്‍ അവീവ്: ഫലസ്തീനിലെ ഹമാസ് പോരാളികളെന്ന് കരുതി സ്വന്തം രാജ്യത്തെ ബന്ദികളെ കൊന്ന് ഇസ്രായേല്‍ സൈന്യം. തെറ്റിദ്ധരിച്ച് ഗസ്സയിലെ മൂന്ന് ബന്ദികളെയാണ് സൈന്യം കൊന്നത്. വെള്ളിയാഴ്ച രാവിലെ വടക്കന്‍ ഗാസയിലെ ഷെജായ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് സൈന്യം മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയത്. ക്ഫാര്‍ ആസയില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ യോതം ഹൈം, നിര്‍ ആമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സമര്‍ തലാല്‍ക്ക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മൂന്നാമത്തെ ബന്ദിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇസ്രായേല്‍ സേനാ വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നും ഹഗാരി പറഞ്ഞു. ചാവേര്‍ ബോംബര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരെ സൈനികര്‍ നേരിട്ട പ്രദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.
ബന്ദികളെ അബദ്ധത്തില്‍ വെടിവെച്ചുകൊന്നെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇസ്രായേലില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സഹിക്കാനാവാത്ത ദുരന്തമെന്നാണ് നെതന്യാഹു ഇതേ കുറിച്ച് പറഞ്ഞത്. ‘ഇസ്രായേല്‍ ജനതയ്‌ക്കൊപ്പം, ഞങ്ങളുടെ മൂന്ന് പ്രിയപ്പെട്ട പുത്രന്മാരുടെ വീഴ്ചയില്‍ അഗാധമായ സങ്കടത്തില്‍ ഞാന്‍ തല കുനിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


