കോഴിക്കോട്: ഹരിത നേതാക്കളെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച് കെ എം ഷാജി. മതിയായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് ഹരിത നേതാക്കള്‍ക്ക് സ്ഥാനം നല്‍കി തിരിച്ചെടുത്തതെന്ന് ഷാജി വിമര്‍ശിച്ചു. (IUML meeting discusses Samstha and Haritha issue )ബന്ധപ്പെട്ട ഘടകങ്ങളില്‍ ചര്‍ച്ച ചെയ്താണോ ഹരിത നേതാക്കളുടെ വിഷയത്തില്‍ തീരുമാനമെടുത്തതെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനോട് ഷാജി ചോദിച്ചു.
|
പാണക്കാട് കുടുംബത്തെ അടക്കം വിമര്‍ശിച്ച ഫാത്തിമ തഹ്‌ലിയ, മുഫീദ തസ്‌നി,നജ്മ തബ്ഷീറ ഉള്‍പ്പെടെയുള്ളവരെ ചില നേതാക്കളുടെ പ്രത്യേക താല്‍പര്യപ്രകാരം തിരിച്ചെടുത്തതില്‍ ലീഗ് നേതാക്കളില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉള്‍പ്പെടെയുള്ളവര്‍ അറിയാതെയാണ് നടപടിയെന്നും വിമര്‍ശനമയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ചയാക്കുകയായിരുന്നു ഷാജിയുടെ ലക്ഷ്യം.
എന്നാല്‍, യോഗത്തില്‍ ഷാജിക്ക് ഇക്കാര്യത്തില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. ഷാജിയുടെ ചോദ്യത്തോട് പി.എം.എ സലാം മൗനം പാലിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും എല്ലാവരുമായി ചര്‍ച്ച ചെയ്യാന്‍ കഴിയണമെന്നില്ല എന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഷാജിക്ക് മറുപടി നല്‍കിയത്.
എംഎസ്എഫ് നേതാക്കളുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ലീഗ് നേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയ ഹരിത ഭാരവാഹികളെ തിരിച്ചെടുക്കുന്നതിന് മുന്‍കൈയെടുത്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. അതേ സമയം, ഹരിത നേതാക്കളെ തിരികെ എടുത്തതിനെ വിമര്‍ശിച്ച് എഫ് ബി പോസ്റ്റിട്ടവര്‍ക്കെതിരെ നടപടി വേണെന്ന് നൂര്‍ബീന റഷീദിനെ ലക്ഷ്യമിട്ട അഡ്വ മുഹമ്മദ് ഷാ ആവശ്യപ്പെട്ടു.
സമസ്തയുമായുള്ള പ്രശ്‌നം പരിഹരിക്കണം

സമസ്തയിലെ ലീഗ് വിരുദ്ധരെ ശക്തമായി നേരിടണമെന്ന് അഭിപ്രായപ്പെട്ട് മുസ്‌ലിം ലീഗ് നേതൃയോഗം. സമസ്തയുമായി പാരമ്പര്യമായി തുടരുന്ന ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം ലീഗിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പൊതു അഭിപ്രായമാണ് ഭാരവാഹി യോഗത്തിലും സെക്രട്ടേറിയറ്റ് യോഗത്തിലുമുണ്ടായത്. സി.പി.എമ്മില്‍നിന്ന് അച്ചാരം വാങ്ങുന്ന ചിലര്‍ മാത്രമാണ് ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ തുറന്നടിച്ചു. ഇതുസംബന്ധിച്ച് സാദിഖലി തങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. സമസ്തയിലെ ലീഗ് വിരുദ്ധര്‍ നേതൃത്വം നല്‍കുന്ന പരിപാടികളും പദ്ധതികളുമായി നിസ്സഹകരിക്കാനും ആഹ്വാനമുണ്ടായി. സുപ്രഭാതം പത്രം യു.ഡി.എഫിനെതിരെയും പ്രത്യേകിച്ച് ലീഗിനെതിരെയും പ്രവര്‍ത്തിക്കുന്നതായി ചില നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.
അതേ സമയം, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പെ സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. നേതൃതല ചര്‍ച്ചകളിലൂടെ പ്രശ്‌ന പരഹാരമുണ്ടാക്കണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു. ഇന്നലെ നടന്ന ഭാരവാഹി യോഗത്തിലും സംസ്ഥാന സെക്രട്ടറിയേറ്റിലും സമസ്ത വിഷയം ചര്‍ച്ചയായി.
പൊന്നാനിയിലടക്കം സമസ്തയിലെ ഒരു വിഭാഗം നടത്തിയ ലീഗ് വിരുദ്ധ നീക്കത്തെ പലരും വിമര്‍ശിച്ചു. ന്യൂനപക്ഷമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. എന്നാലും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് എത്താതെ തന്നെ പ്രശ്‌ന പരിഹാരമുണ്ടാകണം. ഇതിനായി നേതൃത്വം മുന്‍കൈയ്യെടുക്കണമെന്ന അഭിപ്രായം നേതാക്കള്‍ ഉന്നയിച്ചു.
സമസ്തയുമായി ലീഗിന് ഭിന്നതയില്ലെന്നാണ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ ഉണ്ടായത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. സുപ്രഭാതവുമായുള്ള പ്രശ്‌നമായാണ് വിഷയത്തെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് സുപ്രഭാതം പത്രവുമായി ചില പ്രശ്നങ്ങളുണ്ടായെന്നും ആ വിഷയങ്ങളും കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.





