കഴിഞ്ഞ മാസം ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികൾ ആർ എസ് എസ് നേതൃത്വവുമായി ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇവ്വിഷയകമായി ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മാലിക് മുഅതസിം ഖാൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക യു ട്യൂബ് ചാനലിൽ ഉറുദു ഭാഷയിൽ നൽകിയ വിശദീകരണത്തിന്റെ ചുരുക്കം :
|
നാലഞ്ചു പേരടങ്ങുന്ന ഒരു സ്വതന്ത്ര സംഘം ആർ എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നു. വിവരം ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെ വിവിധ മുസ്‌ലിം സംഘടനാ നേതൃത്വവുമായി പങ്കു വയ്ക്കുന്നു. ഇത്തരം ചർച്ചകൾ തുടരേണ്ടതുണ്ടെന്നും നേതൃത്വങ്ങളോട് ആവശ്യപ്പെടുന്നു. കൂടിയാലോചിച്ച ശേഷം ഒരു തീരുമാനത്തിലെത്താം എന്നവർ മറുപടി നൽകുന്നു. എന്നാൽ മേൽ സംഘം തങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകുന്നു. വീണ്ടും ചർച്ചയ്ക്ക് തയ്യാറാകുന്നു. ഇവരോടൊപ്പം പ്രതിനിധികളെ അയക്കാൻ വിവിധ സംഘടനകൾ തയ്യാറാകുന്നു.
അങ്ങനെ ജനുവരി 14ന് സ്വതന്ത്ര സംഘം ഉൾപ്പെടെ പതിനാലംഗ സംഘം മുസ്‌ലിം പക്ഷത്തു നിന്നും നാല് പേര് ആർ എസ് എസ് പക്ഷത്തു നിന്നും പങ്കെടുത്ത ചർച്ചയിൽ ആർ എസ് എസ മേധാവി ഈയിടെ നടത്തിയ പ്രസ്താവനയെ വിമർശന വിധേയമാക്കി. അത്തരം പ്രഭാഷണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് സംഘം അവരെ ഓർമിപ്പിച്ചു. ഇന്ത്യൻ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന ആൾക്കൂട്ട കൊലപാതകം, ബുൾഡോസർ രാജ്, മുസ് ലിംകൾക്കു നേരിലുള്ള അന്യായമായ അറസ്റ്റുകൾ, അവരുടെ സ്വത്തു വകകൾ കണ്ടു കെട്ടൽ, അവർക്കെതിനെ വെറുപ്പു പ്രചരിപ്പിക്കുന്ന പ്രഭാഷണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തൽ, വംശ ഹത്യയെ കുറിച്ച് നടന്നു വരുന്ന പ്രചാരങ്ങൾക്കെതിരെ വിശദീകരം നൽകേണ്ടതിന്റെ ആവശ്യകത, നിയമ നിർമ്മാണ സഭകളിൽ മുസ്ലികളുടെ പ്രാതിനിത്യ കുറവ്, സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ അവരുടെ പിന്നോക്കാവസ്ഥ തുടങ്ങി നിലവിൽ ഇന്ത്യയിലെ മുസ്‌ലിം സമൂഹം നേരിടുന്ന ഗുരുതരമായ എല്ലാ വിഷയങ്ങളും അവിടെ ചർച്ചയായി.
ആർ എസ് എസും അവർക്ക് പറയാനുള്ളത് പറഞ്ഞു. ദേശീയത , പശു, മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചന വിഷയം തുടങ്ങിയവ അവരും ഉന്നയിച്ചു. അവ സംബന്ധമായി വിശദീകരണം നൽകാൻ മുസ്‌ലിം പക്ഷത്തു നിന്നും ശ്രമിക്കുകയുണ്ടായി. അതിനിടയിൽ ബാബരി , മധുര, കാശി മസ്ജിദുകളുമായി ബന്ധപ്പെട്ട് ചെറിയൊരു പരാമർശവും ഉണ്ടായി. പള്ളികളുടെ പ്രശ്നം അത്തരം ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നവയല്ല. ബാബരിയുമായി ബന്ധപ്പെട്ട് വന്ന കോടതി വിധിയിൽ തങ്ങൾ തൃപ്തരല്ല. ഇനി അവ മൂന്നും വിട്ടു തന്നാലും നിങ്ങൾ അവസാനിപ്പിക്കുമെന്ന് കരുതുന്നുണ്ടോ എന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയി . ഇതൊരു രഹസ്യമായ കൂടിക്കാഴ്ചയായിരുന്നില്ല.
വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികൾ അതിൽ പങ്കെടുത്തിരുന്നു. ഒരു പത്ര സമ്മേളനം വിളിച്ചു വിശദീകരണം നൽകാൻ മാത്രം പ്രാധാന്യം ഈ കൂടിക്കാഴ്ചക്ക് തോന്നിയില്ല. അത് കൊണ്ട് പത്ര സമ്മേളനം വിളിച്ചു വിശദീകരിക്കാതെ പോയത്. പുതിയതുമല്ല പലപ്പോഴായി ഇത്തരം ഡയലോഗുകൾ മുൻപും നടന്നിട്ടുണ്ട്. പരസ്പരം അറിയാനും അറിയിക്കാനുമുള്ള മാർഗമെന്ന നിലയിൽ അത് തുടരുകയും വേണം. ഇപ്പോൾ നടന്നിട്ടുള്ള ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടു ചില തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് ഇങ്ങനെ ഒരു വിശദീകരണവുമായി വരേണ്ടി വന്നത്, അദ്ദേഹം പറഞ്ഞു.



