21
Apr 2024
Thu
21 Apr 2024 Thu

ജിദ്ദ: ഇന്ത്യയുടെ 18ാമത് ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആകുലതകള്‍ പങ്കുവച്ച് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘ടോക്ക് ഷോ’ ശ്രദ്ധേയമായി. ‘വോട്ടര്‍മാര്‍ ബൂത്തിലേക്ക്; പ്രവാസികള്‍ നിലപാട് വ്യക്തമാക്കുന്നു’ എന്ന പേരില്‍ ജിദ്ദ സീസണ്‍ റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ തങ്ങളുടെ ഭാഗദേയം കൃത്യമായി വിനിയോഗിക്കണമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഏത് തിരഞ്ഞെടുപ്പ് വന്നാലും പ്രവാസി വിഷയങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ പരിഗണന നല്‍കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളൊന്നും ശ്രദ്ധിക്കാറില്ലെന്നും പ്രവാസികള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയല്ലാതെ ഇതിന് മറ്റു വഴികളില്ലെന്നും ടോക്ക് ഷോ വിലയിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് മാധ്യമപ്രവര്‍ത്തകന്‍ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി രാജൃത്ത് നടന്നുകൊണ്ടിരിക്കുന്ന, ലോകം കണ്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സാധാരണക്കാരുടെ ഇടയിലേക്ക് പതുക്കെ പതുക്കെ ഊര്‍ന്നിറങ്ങിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ സത്യസന്ധമായി വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം സുതാര്യമായിട്ടുള്ള, നിഷ്പക്ഷമായിട്ടുള്ള മാധ്യമങ്ങളാണ്. അത്തരമൊരു മാധ്യമ ശൃംഗലയുടെ അഭാവം ഈ തിരഞ്ഞെടുപ്പില്‍ മുഴച്ചു കാണുന്നു. പവര്‍ പൊളിറ്റിക്സിന്റെ പാത പിന്തുടര്‍ന്നത് ഇന്ത്യന്‍ ജനാധിപതൃത്തിന്റെ അപചയത്തിനു കാരണമായിട്ടുണ്ട്. സാധാരണക്കാര്‍ മാറി ചിന്തിക്കുന്നുണ്ടെന്ന സൂചനയുണ്ട്. പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന ഭയപ്പാടില്‍ നിന്നാണ് നേതാക്കളില്‍നിന്നും വിഷലിപ്തമായ വാക്കുകള്‍ വരുന്നത്. ഇത്തരം ആശങ്കകള്‍ക്കു മേലെ നാം പുതിയ രാജൃം പടുത്തുയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ലെന്നും എ.എം സജിത്ത് അഭിപ്രായപ്പെട്ടു.

വര്‍ഗീയ, വംശീയ കലാപമുണ്ടാക്കിയാണ് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുത്താണ് രണ്ടാമത് ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവില്‍ കോര്‍പറേറ്റ് മാധ്യമങ്ങളെ കൂട്ടുപ്പിടിച്ചു വീണ്ടും അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നതെന്ന് ഷിബു തിരുവനന്തപുരം (നവോദയ) അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ഇന്ത്യയെ തകര്‍ത്ത, കോര്‍പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്ന മോദിയുടെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് ശബ്ദിക്കുന്നില്ലെന്നും അതിനാല്‍ കേരളത്തിലെ 20 ഇടതുപക്ഷ സ്ഥാനാര്‍ഥികളേയും വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് രാജൃത്തെ ജനാധിപത്യ, മതേതരത്വത്തെ നശിപ്പിച്ചതായി സി.എം അഹമ്മദ് (ഒ.ഐ.സി.സി) പറഞ്ഞു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങി മുഴുവന്‍ ഭരണഘടനാ സ്ഥാപനങ്ങളെയും അവര്‍ തങ്ങളുടെ വരുതിയിലാക്കി. മുസ്ലിം പേരുള്ളവന് രാജൃത്തെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി. സാമ്പത്തികമായി ഞെരുക്കമുണ്ടാക്കി. ഇതിന്റെയൊക്കെ പ്രത്യാഘാതം നാട്ടിലുള്ളരേക്കാള്‍ പ്രവാസികളിലുണ്ടാക്കി. ഫാഷിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാനുള്ള ശ്രമം നടത്തണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാടന്‍ നിയമങ്ങളും റദ്ദാക്കും. തിരഞ്ഞെടുപ്പില്‍ കൃത്രിമത്തിന്റെ ആശങ്കയുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് നല്ല ശതമാനം വോട്ടിങ്ങിലുടെ ബി.ജെ.പിയെ താഴേ ഇറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെങ്ങും ഇന്ത്യ എന്ന ഒറ്റക്കെട്ടില്‍ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്ന സഖ്യത്തിന് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമെന്ന് കണക്കുകള്‍ നിരത്തി വി.പി മുസ്തഫ (കെ.എം.സി.സി) വിലയിരുത്തി. പ്രവാസികളെ തീര്‍ത്തും അവഗണിച്ച സര്‍ക്കാരായിരുന്നു കഴിഞ്ഞ 10 വര്‍ഷക്കാലം കേന്ദ്രത്തിലും നിലവില്‍ കേരളത്തിലും. കഴിഞ്ഞ യു.പി.എ സര്‍ക്കാരുകളുടെ കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും ബിജെപിയെ താഴെ ഇറക്കാന്‍ നിലവില്‍ കോണ്‍ഗ്രസിന് കീഴിലുള്ള സംവിധാനത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിയെ ശക്തിപ്പെടുത്താനാവണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സാദിഖലി തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. പി.എം മായിന്‍കുട്ടി വിഷയാവതരണം നടത്തി. സത്താര്‍ ഇരിട്ടി (ന്യൂ ഏജ്), ഉമര്‍ ഫാറൂഖ് (പ്രവാസി വെല്‍ഫയര്‍), കെ.ടി അബൂബക്കര്‍ (ജി.ജി.ഐ), നാസര്‍ ചാവക്കാട് (ഐ.ഡി.ഡി), സി.എച്ച് ബഷീര്‍ (തനിമ), അബ്ബാസ് ചെമ്പന്‍ (ഇസ്ലാഹി സെന്റര്‍), അബ്ദുല്‍ ഗഫൂര്‍ (വിസ്ഡം), മിര്‍സ ശരീഫ്, അരുവി മോങ്ങം, ശിഹാബ് കരുവാരകുണ്ട്, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, ഗഫൂര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ബിജു രാമന്തളി, കെ.സി ഗഫൂര്‍, റജിയ ബീരാന്‍, മുംതാസ് ടീച്ചര്‍ പാലോളി, നൂറുന്നീസ ബാവ തുടങ്ങിയവരും സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി സ്വാഗതവും ട്രഷറര്‍ സാബിത്ത് സലിം നന്ദിയും പറഞ്ഞു.