29
Aug 2023
Wed
29 Aug 2023 Wed

തട്ടിപ്പുകളും ദിനംപ്രതി ഹൈടെക്കാവുകയാണ്. പുത്തന്‍രീതി തട്ടിപ്പില്‍ ഡല്‍ഹിയിലെ ജ്വല്ലറി ഉടമയ്ക്ക് നഷ്ടമായത് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണം. കടയുടമ നാവല്‍ കിഷോര്‍ കഴിഞ്ഞയാഴ്ച അയോധ്യയില്‍ പോയ സമയത്തായിരുന്നു തട്ടിപ്പ് നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടയിലേക്ക് ഫോണില്‍വിളിച്ചയാള്‍ കടയുടമയുടെ മക്കളുമായി സംസാരിക്കുകയും 15 ഗ്രാമിന്റെ മാല വാങ്ങാമെന്ന് ധാരണയാവുകയും ചെയ്തു. തനിക്ക് കടയില്‍ വരാന്‍ സമയമില്ലെന്നും അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പണം അടയ്ക്കാമെന്നും അതിനു ശേഷം മാല താന്‍ നല്‍കുന്ന വിലാസത്തില്‍ അയച്ചുനല്‍കാമെന്നും വിളിച്ചയാള്‍ പറഞ്ഞു. ഇതിനു ശേഷം കടയുടമയുടെ ഫോണിലേക്ക് 93400 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയെന്ന ബാങ്കിന്റെ സന്ദേശമെത്തി. ഈ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപാരി മക്കള്‍ക്ക് അയച്ചുനല്‍കുകയും അവര്‍ മാല ഫോണില്‍ വിളിച്ചയാള്‍ നല്‍കിയ വിലാസത്തിലേക്ക് അയയ്ക്കുകയും ചെയ്തു.

ഇതേയാള്‍ പിറ്റേദിവസം വിളിച്ച് 30 ഗ്രാമിന്റെ മാല ആവശ്യമുണ്ടെന്നറിയിച്ചു. മാലയുടെ തുകയായ 195000 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയെന്ന സന്ദേശം ഉടമയ്ക്ക് ലഭിച്ചു. ഇതേത്തുടര്‍ന്ന് മാല അയച്ചുനല്‍കി.

ഇതിനു ശേഷം ജ്വല്ലറി ഉടമ ബാങ്ക് ആപ്പിലെ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടില്ലെന്നറിയുന്നത്. തുടര്‍ന്ന് എസ്എംഎസ് ഒന്നുകൂടി നോക്കുമ്പോഴാണ് ബാങ്കിന്റെ എസ്എംഎസ് ആണെന്ന രീതിയില്‍ നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായത്. ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന മറുപടി അവര്‍ നല്‍കി.

പിതാവിന്റെ ഫോണിലായിരുന്നു ബാങ്കിന്റെ ആപ്ലിക്കേഷന്‍ എന്നതിനാല്‍ തങ്ങള്‍ക്ക് ബാലന്‍സ് പരിശോധിക്കാനായിരുന്നില്ലെന്നും വ്യാപാരിയുടെ മകന്‍ മായങ്ക് പറയുന്നു. തട്ടിപ്പിനെതിരേ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തട്ടിപ്പുകാരെക്കുറിച്ചുള്ള യാതൊരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക