|
കൊച്ചി: കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് ആകെ 21 പേരാണെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍. 16 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കല്‍ കോളേജ്, കാക്കനാട് സണ്‍റൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലര്‍ പൂര്‍ണ അപകടാവസ്ഥയില്‍ നിന്നു മുക്തരായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അപകടം ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചിരുന്നു. ഇത് സ്‌ഫോടന സമയത്ത് പുറത്തേക്ക് രക്ഷപ്പെടുന്നത് എളുപ്പമാക്കി. തിക്കിലും തിരക്കിലും പെട്ടുള്ള അപകടവും ഒഴിവായി. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മാര്‍ട്ടിന്‍ ഡൊമനിക് സമ്മതിച്ച കാര്യങ്ങള്‍ക്ക് അപ്പുറം മറ്റെന്തെങ്കിലും മാനമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നല്ല രീതിയിലാണ് നീങ്ങുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്. സംയുക്ത പ്രസ്താവന ഇറക്കി. കേരളത്തിന്റെ സൗഹാര്‍ദവും സാഹോദര്യവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സമൂഹത്തോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് പ്രസ്താവന ഇറക്കിയത്.
മാധ്യമങ്ങളും നല്ല രീതിയില്‍ ആണ് വാര്‍ത്ത കൈകാര്യം ചെയ്യുന്നത്. നല്ല മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. കളമശേരിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനം, ചികിത്സ, അന്വേഷണം, മാധ്യമങ്ങളുടെ ഇടപെടല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും കേരളത്തനിമ ഉയര്‍ത്തി പിടിക്കാന്‍ നമുക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനിമയെ ആര്‍ക്കും തകര്‍ക്കാനില്ല. വ്യാജ പ്രചരണം ആരു നടത്തിയാലും മുഖം നോക്കാതെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നും മുഖ്യമന്ത്രി പറഞ്ഞു.





