ബംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയി(19)യെ കുത്തിക്കൊന്ന ശേഷം രക്ഷപെട്ട പ്രതി കണ്ണൂര്‍ സ്വദേശി ആരവ്(21)പിടിയില്‍. കൃത്യശേഷം ഉത്തരേന്ത്യയിലേക്ക് കടന്ന കണ്ണൂര്‍ തോട്ടട സ്വദേശി ആരവിനെ കര്‍ണാടക പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ രാത്രിയോടെ ബംഗളുരുവിലെത്തിക്കും.
|
ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു ആരവ്. സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയത്തിലായത്. ഇതു പിന്നീട് പ്രണയത്തിനു വഴിമാറി. പ്രണയ ബന്ധത്തിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്സ് സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ നെഞ്ചിലും തലയിലും കുത്തേറ്റ നിലയില്‍ മായയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മായയും ആരവും 23-ാം തീയതി വൈകീട്ടോടെയാണ് ഇരുവരും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടിനു ശേഷം പുറത്തേക്കുപോയി. ഇതിനു ശേഷം ഇയാള്‍ മടങ്ങിവന്നില്ല.
മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നതായും പ്ലാസ്റ്റിക് കയര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും പോലീസ് കണ്ടെത്തിയിരുന്നു. താമസസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. അവസാനമായി യാത്രചെയ്ത കാറിന്റെ ഡ്രൈവറേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
സഹോദരിക്കൊപ്പമാണ് മായ ബംഗളൂരുവില്‍ താമസിച്ചിരുന്നത്. ഓഫിസില്‍ പാര്‍ട്ടിയുള്ളതിനാല്‍ വെള്ളിയാഴ്ച വീട്ടില്‍ വരില്ലെന്ന് അവര്‍ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. ശനിയാഴ്ചയും വീട്ടിലേക്ക് വരുന്നില്ലെന്ന് സന്ദേശം അയച്ചിരുന്നു. ഗുവാഹാട്ടി കൈലാഷ് നഗര്‍ സ്വദേശിനിയായ മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





