ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കണ്ണൂര്‍ സ്വദേശിക്ക് 96 വര്‍ഷം തടവ്
|
മഞ്ചേരി: ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണൂര്‍ സ്വദേശിക്ക് 96 വര്‍ഷം കഠിന തടവ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42 കാരനെയാണ് മഞ്ചേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധ വകുപ്പുപ്രകാരമാണ് കഠിനതടവും പിഴയും വിധിച്ചത്. പിഴയടയ്ക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍വേണ്ട നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശംനല്‍കി.
മലപ്പുറം ജില്ലയിലെ അരീക്കോട്ടുനിന്ന് വിവാഹംകഴിച്ച പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് താമസിപ്പിച്ചിരുന്നത്. ഭാര്യ വീട്ടുജോലിക്ക് പോകുന്ന സമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 2022 ഏപ്രില്‍ 14ന് ഉച്ചയ്ക്ക് ഭാര്യ ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ അവശനായിക്കിടക്കുന്ന മകനെക്കണ്ടു. വിവരം ചോദിച്ചപ്പോഴാണ് മാസങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മുക്കത്തെ മനശ്ശാസ്ത്ര വിദഗ്ധനെ കാണിച്ചു. മനശ്ശാസ്ത്രജ്ഞനാണ് അരീക്കോട് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
kannur native man get 96 year imprisonment for raping minor son



