കൊച്ചി: കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയാ വർഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പ്രിയ നൽകിയ അപ്പീൽ അനുവദിച്ചാണ് വിധി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.
|
യുജിസി മാനദണ്ഡ പ്രകാരം എട്ടു വർഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർവകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിർദേശിക്കുന്ന യോഗ്യതകൾ പ്രിയ വർഗീസിന് ഇല്ലൊണ് സിംഗിൾ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവിൽ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവിൽ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹർജിയിൽആവശ്യപ്പെട്ടത്.
പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാൻ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വർഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നും സർവകലാശാല വാദിച്ചു.





