തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍. കൊലയില്‍ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖില്‍ ആണ് പൊലീസ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്. കേസില്‍ ഇനി പിടിയിലാകാനുള്ളത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവരാണ്. രണ്ടുപേരും ഒളിവിലാണ്.
|
ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇതോടെ കേസിലെ ഏഴു പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്. കൊലപാതകത്തിലും അനീഷ് നേരിട്ട് പങ്കെടുത്തിരുന്നു. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്.
തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.


