
പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (India Super League) തങ്ങളുടെ രണ്ടാമത് മത്സരത്തിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളാണ് എതിരാളി. ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. തിരുവോണനാളില്‍ നടന്ന ആദ്യ കളിയില്‍ പഞ്ചാബ് എഫ്‌സിക്ക് മുന്നില്‍ അവസാനം തോല്‍വി വഴങ്ങേണ്ടിവന്ന അപമാനം മാറ്റുകയും സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ചു അഭിമാനം വീണ്ടെടുക്കുകയും ചെയ്യുക എന്ന വെല്ലുവിളിയുമായാണ് മഞ്ഞപ്പട ഇന്നിറങ്ങുക. ആദ്യകളിയില്‍ ബെംഗളൂരു എഫ്.സിയോട് ഒരുഗോളിന് തോറ്റാണ് ഈസ്റ്റ് ബംഗാള്‍ വരുന്നത്. വൈകിട്ട് 7.30നാണ് മത്സരം.
![]() |
|
ലൂണയുടെ തിരിച്ചുവരവ്
പനിമാറി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ തിരിച്ചുവന്നത് മഞ്ഞപ്പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിരോധത്തില്‍ പ്രീതം കോട്ടാലും സന്ദീപ് സിങ്ങും സഹീഫും ആദ്യ ഇലവനില്‍ വന്നാല്‍ അലക്‌സാണ്ടര്‍ കോയെഫിനെ ലൂണയുടെ സഹായിയായി മിഡ്ഫീല്‍ഡിലേക്ക് കയറിക്കളിപ്പിക്കാനാകും, ഇവാന്‍ വുകോമാനോവിച്ചില്‍നിന്ന് കോച്ചിന്റെ കുപ്പായം ഏറ്റുവാങ്ങിയ സ്വീഡിഷുകാരന്‍ മിക്കേല്‍ സ്റ്റാറേയുടെ ശ്രമം. ഒപ്പം മലയാളി താരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും മധ്യനിരയില്‍ മികച്ച കളി കെട്ടഴിച്ചാല്‍ ആക്രമണം ചെറുക്കാന്‍ ബംഗാളിനാകില്ല. നോഹയ്‌ക്കൊപ്പം വിങ്ങില്‍ മലയാളിയായ കെ.പി രാഹുലും ഫിനിഷറുടെ റോള്‍ ഏറ്റെടുത്താല്‍ സ്റ്റാറേയുടെ ഗെയിംപ്ലാന്‍ ഫലംകാണുമെന്ന് ഉറപ്പ്.
ബ്ലാസ്റ്റേഴ്‌സിനെതിരെ ഡയമാന്റകോസ്
ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ദിമിത്രിയോസ് ഡയമാന്റകോസ് ഇക്കുറി എതിരാളിയുടെ വേഷത്തിലുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പോയ രണ്ട് സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ടോപ് സ്‌കോററായിരുന്നു ഡയമാന്റകോസ്. ഡയമാന്റകോസിനൊപ്പം ബ്രസീല്‍ താരം ക്ലെയ്റ്റണ്‍ സില്‍വയും ഉള്‍പ്പെടുന്ന ബംഗാള്‍ ആക്രമണനിരക്ക് മൂര്‍ച്ച കൂടുതലാണ്. ഇന്ത്യന്‍ താരങ്ങളായ ജീക്‌സണ്‍ സിങ്ങും നവോറം സിങ്ങും ഉള്‍പ്പെടുന്ന മധ്യനിരയും ശക്തമാണ്. മലയാളിതാരങ്ങളായ പി.വി വിഷ്ണുവും സി.കെ അമനും അടങ്ങിയ യുവനിരയും സഹായത്തിനുണ്ട്.
kerala blasters vs east bengal fc match today