05
Jun 2026
Fri
05 Jun 2026 Fri
kerala cm board

ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ താമസിച്ച കൊച്ചിന്‍ ഹൗസിന് സമീപം ബോര്‍ഡ് വെച്ച രണ്ട് ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് തടസ്സം സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടത് സംഘടനായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കളായ മനോജ് കുമാര്‍ എം.എസ്, ജയപ്രസാദ് എ. എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ അശ്വതി ശ്രീനിവാസ് ആണ് നോട്ടീസ് നല്‍കിയത്.

മെയ് 22-ന് രാത്രി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തുന്നതിന് തൊട്ട് മുന്‍പാണ് റസിഡന്റ് കമ്മിഷണര്‍ക്ക് എതിരേ ഇടത് സംഘടന പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ജയപ്രസാദിന്റെ അകാരണമായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും റസിഡന്റ് കമ്മീഷണറുടെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബോര്‍ഡ്.

കറുത്ത പശ്ചാത്തലത്തില്‍ വെള്ള അക്ഷരങ്ങള്‍ ആലേഖനം ചെയ്ത ഫ്‌ളെക്‌സ് ബോര്‍ഡ് ആണ് സ്ഥാപിച്ചിരുന്നത്. ഇത് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ബോര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ അത് ചെയ്തില്ലെന്നും അശ്വതി ശ്രീനിവാസ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. അകാരണമായി ജോലിയില്‍നിന്ന് വിട്ടുനിന്നെന്ന് ആരോപിച്ചാണ് ജയപ്രസാദിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.