04
Jun 2026
Thu
04 Jun 2026 Thu
kerala vehicle modification

തിരുവനന്തപുരം: വാഹനങ്ങളില്‍ അനുവദിക്കാന്‍ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണര്‍. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അനുമതി കൂടാതെ ചെയ്യാന്‍ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാന്‍ കഴിയുന്ന മറ്റുചില മാറ്റങ്ങളുമണ് റിപ്പോര്‍ട്ടിലുള്ളത്. ‘പൂക്കി സിഎമ്മി’ന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആവേശത്തോടെ കാത്തിരുന്ന ജെന്‍സിയെ നിരാശപ്പെടുത്തുന്നതാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞത് യുവാക്കള്‍ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശന്‍ വാക്ക് പാലിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അനുവദിക്കുന്ന മോഡിഫിക്കേഷനുകള്‍ നേരത്തേ തന്നെ നിലവിലുള്ളവയാണെന്ന് ജെന്‍സി ചൂണ്ടിക്കാട്ടുന്നു.

ബോഡി സ്റ്റിക്കറുകള്‍, സീറ്റ് കവറുകള്‍, ഡാഷ് കാം, ജിപിഎസ് ട്രാക്കര്‍ തുടങ്ങിയ 18 മോഡിഫിക്കേഷനുകളാണ് അനുമതി ഇല്ലാതെ ചെയ്യാന്‍ കഴിയുന്നവയായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. സ്റ്റിക്കറുകള്‍ മാന്യമായവയാകണം എന്നും നിര്‍ദേശമുണ്ട്. വാഹനത്തിന്റെ നിറം മാറ്റം ഉള്‍പ്പെടെയുള്ള മോഡിഫിക്കേഷനുകള്‍ക്കാണ് പ്രത്യേക അനുമതി വേണ്ടത്.

അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകള്‍

അധിക സ്പീക്കറുകള്‍
ആന്‍ഡ്രോയിഡ് ഇന്റഫോടെയിന്‍മെന്റ് സിസ്റ്റം
ബോഡി സ്റ്റിക്കറുകള്‍
ക്രോം ഗാര്‍ണിഷ്
ഡാഷ് കാം
ഡോര്‍ വൈസറുകള്‍
ഫ്ളോര്‍ മാറ്റുകള്‍
ജിപിഎസ് ട്രാക്കര്‍
ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിങ്
മഡ് ഫ്ളാപ്പുകള്‍
പാര്‍ക്കിങ് സെന്‍സര്‍
റിവേഴ്സ് ക്യാമറ
റൂഫ് കാരിയറുകള്‍
സീറ്റ് കവര്‍
50 ശതമാനം സുതാര്യമായ സണ്‍ ഫിലിം
സ്റ്റിയറിങ് വീല്‍ കവര്‍
ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം
ടോ ഹുക്കുകള്‍

നിറം മാറ്റം അനുമതിയോടെ മാത്രം; ആര്‍സിയില്‍ രേഖപ്പെടുത്തണം

ഫീസ് അടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ നിറം മാറ്റാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആര്‍സിയില്‍ രേഖപ്പെടുത്തണം. കൂടാതെ എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എന്‍ജിന്‍ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആര്‍സിയില്‍ രേഖപ്പെടുത്തണം.

ALSO READ: സ്വപ്ന ഭവനത്തിനായി സഹായം തേടി 15-ാം മിനിറ്റില്‍ ദുബായ് പ്രവാസിക്ക് 8.3 കോടി രൂപയുടെ ബമ്പര്‍ ഭാഗ്യം!

നിയമപരമായ മോഡിഫിക്കേഷനുകള്‍ അനുവദിക്കുമെന്ന് പറയുന്ന വി.ഡി. സതീശന്റെ റീല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വൈറലായിരുന്നു. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്നാണ് അദ്ദേഹം റീലില്‍ പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിനും അനുകൂലമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ആ സമയത്തെ വി.ഡി. സതീശന്റെ ചിരി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ ‘പൂക്കി സിഎം’ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

എതിരെ വരുന്നവരുടെ കാഴ്ച മറയ്ക്കുന്ന ലൈറ്റും ആവശ്യത്തിലും വലിയ ടയറുകളും ഘടിപ്പിച്ച് കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സറുകളുമായി നിരത്തുകളില്‍ പായുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. കഴിഞ്ഞ ഒരുമാസം വാഹന മോഡിഫിക്കേഷന്‍ നടത്തിയതിന് കോഴിക്കോട് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 118 കേസുകളാണ്.

വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കുമെന്ന യുഡിഎഫ് പ്രകടനപത്രികയും മുഖ്യമന്ത്രിയുടെ പൂക്കി ആക്ഷനും വിശ്വസിച്ച് നിരത്തിലിറങ്ങിയാല്‍ പണി പാളുമെന്ന സൂചനയാണ് ഇൗ കണക്കുകള്‍ നല്‍കുന്നത്. ബൈക്കുകളുടെ ലൈറ്റുകളും സൈലന്‍സറുകളും മാറ്റിയാണ് കൂടുതല്‍ ‘മോഡിഫിക്കേഷന്‍’ പ്രേമികളും നിരത്തിലിറങ്ങുന്നത്. അനുവദനീയമായതിലധികം ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നവരുടെ എണ്ണവും കൂടുതലാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മോഡിഫിക്കേഷന്‍ നടത്തിയ വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. സംസ്ഥാനം നിയമനിര്‍മാണം നടത്തിയാല്‍പോലും കേന്ദ്രനിയമം നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ നടത്താന്‍ സാധിക്കില്ലെന്ന് ഇൗ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

പിടിവീണാല്‍ കീശ കീറും

മോഡിഫിക്കേഷന്‍ നടത്തിയ വാഹനവുമായി നിരത്തിലിറങ്ങി പിടിവീണാല്‍ കീശ കീറുമെന്നുറുപ്പ്. ഓരോ നിയമലംഘനവും ഒരു യൂണിറ്റായാണ് കണക്കാക്കുക. ഒരു യൂണിറ്റിന് 5000 രൂപയാണ് പിഴ. ഉദാഹരണത്തിന് ലൈറ്റും ടയറും സൈലന്‍സറും മോഡിഫിക്കേഷന്‍ നടത്തി പിടി വീണാല്‍ 15000 രൂപയാകും കീശയില്‍നിന്ന് പോവുക.

Kerala government to allow 18 vehicle modifications