പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട മലയാളി സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍ നാഗ്പൂരില്‍ അറസ്റ്റിലായി. ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബ സൈദീക്(26)ആണ് അറസ്റ്റിലായത്. നാഗ്പൂരിലെ ഹോട്ടല്‍റൂമില്‍ നിന്ന് റിജാസിനെ പോലീസ് പിടികൂടിയത്. ബിഹാര്‍ സ്വദേശിയായ 24കാരി സുഹൃത്തും ഹോട്ടല്‍മുറിയില്‍ റിജാസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ റിജാസിനെ മാത്രമാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
|
കശ്മീര്‍ അനുകൂല പ്രതിഷേധം കൊച്ചിയില്‍ സംഘടിപ്പിച്ചതിന് റിജാസ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഏപ്രില്‍ 29ന് പോലീസ് കേസെടുത്തിരുന്നു. പ്രഫ. ജി എന്‍ സായിബാബയെക്കുറിച്ചുള്ളതും മാര്‍ക്‌സിസത്തെക്കുറിച്ചും ലെനിനിസത്തെക്കുറിച്ചുമുള്ള പുസ്തകങ്ങളും റിജാസിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. റിജാസ് മൂന്നുദിവസമായി നാഗ്പൂരില്‍ തങ്ങുകയാണെന്നും സന്ദര്‍ശനത്തിനു പിന്നിലെ ഉദ്ദേശം അന്വേഷിക്കണമെന്നും പോലീസ് റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടിയുടെ ഫോട്ടോ പങ്കുവച്ച് ഇതൊരു കുട്ടിയാണ് കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതാണോ നീതി നടപ്പാക്കല്‍??? ഇന്ത്യന്‍ ആര്‍മി മൂര്‍ദാബാദ്!!! എന്ന റിജാസിന്റെ പോസ്റ്റാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ഛത്തീസ്ഗഡിലെ ബാസ്റ്റര്‍ റീജ്യനില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ സുരക്ഷാസേന നടത്തുന്ന ഓപറേഷന്‍ കഗാറിനെയും റിജാസ് വിമര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന റിജാസ് രാജ്യത്ത് തടവിലടച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി കൂട്ടുകാരനെ കാണാനാണ് നാഗ്പൂരിലെത്തിയതെന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





