16
Mar 2025
Fri
16 Mar 2025 Fri
Kerala Police detained two tanzanian citizens from Punjab for synthetic drug sale

കേരളത്തില്‍ രാസലഹരിയുമായി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് തുടരുന്ന അന്വേഷണത്തില്‍ രണ്ട് ടാന്‍സാനിയന്‍ പൗരന്മാര്‍ പഞ്ചാബില്‍ പിടിയിലായി. കുന്നമംഗലം പോലീസ് ആണ് പഞ്ചാബിലെത്തി ഇവിടുത്തെ ലൗലി പ്രഫഷനല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെ പിടികൂടിയത്. ഇവരെ വൈകിട്ടോടെ വിമാന മാര്‍ഗം കോഴിക്കോടെത്തിച്ചു. ടാന്‍സാനിയയിലെ ജഡ്ജിയുടെ മകനായ ഡേവിഡ് രാസലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരില്‍ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു കോടി രൂപയുടെ ഇടപാടുകളാണ് അടുത്തിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നത്. അത്കയുടെ അക്കൗണ്ടില്‍ 36 ലക്ഷത്തിന്റെ ഇടപാടും നടന്നു. ഡേവിഡ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും അത്ക ബിബിഎ വിദ്യാര്‍ഥിയുമാണ്. ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ജനുവരി 21ന് കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസില്‍ അറസ്റ്റിലായ കാസര്‍കോട് മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമ്മില്‍ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് (24) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനയാണ് ഇതുവരെ എത്തിയത്.

ഇബ്രാഹിം മുസമ്മലിനെയും അഭിനവിനെയും തെളിവെടുപ്പിനായി ബംഗളൂരുവില്‍ കൊണ്ടുപോകുകയും കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവില്‍ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളുടെ പ്രവര്‍ത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതില്‍നിന്നു വലിയ തുക ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. ആ പണം അത്ക ഹറുണ എന്ന യുവതിയുടെ അക്കൗണ്ട് വഴി നോയിഡയില്‍ വച്ചാണ് പിന്‍വലിച്ചത് എന്നും കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ലൊക്കേഷന്‍ പഞ്ചാബിലെ പഗ്വാരയില്‍ ആണെന്ന് പോലീസ് മനസ്സിലാക്കി. അന്വേഷണ സംഘം പഗ്വാരയില്‍ എത്തി കോളജിന്റെ സമീപത്തുള്ള വീട്ടില്‍നിന്നു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

രാസലഹരി വില്‍പ്പനക്കാരനായ മറ്റൊരു ടാന്‍സാനിയക്കാരനെ ബംഗളൂരുനിന്ന് വയനാട് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കര്‍ണാടക ഗവണ്‍മെന്റ് കോളജില്‍ ബിസിഎ വിദ്യാര്‍ഥിയായ പ്രിന്‍സ് സാംസണ്‍ ആണ് പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി പോലീസ് ആയിരുന്നു ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 24ന് മുത്തങ്ങയില്‍ നിന്ന് ലഹരി പിടികൂടിയ ഷഫീഖ് എന്നയാളില്‍ നിന്നാണ് ലഹരി കടത്തിന്റെ പ്രധാന ഇടനിലക്കാരനായ പ്രിന്‍സ് സാംസണെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. 2 മാസത്തിനിടെ 80 ലക്ഷത്തിന്റെ ഇടപാടാണ് പ്രിന്‍സ് നടത്തിയത്. 5 മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയും പോലീസ് പിടികൂടിയിരുന്നു.

ALSO READ: വയനാട് ജില്ലയിലേക്ക് ലഹരി കടത്തുന്ന പ്രധാന ഇടനിലക്കാരനെ പിടികൂടി

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക