22
Aug 2025
Wed
22 Aug 2025 Wed
VD satheeshan threat

സിപിഎമ്മിനും ബിജെപിക്കുമെതിരേ കേരളം ഞെട്ടുന്ന വെളിപ്പെടുത്തല്‍ വരാന്‍ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉദ്വേഗത്തിലായി. സതീശന്റെ കൈയിലുള്ള ബോംബ് പൊട്ടുന്നത് തന്നെയാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകം മാത്രമായിരുന്നു പ്രതിപക്ഷ നേതാവിന്റേത് എന്നായിരുന്നു സിപിഎമ്മും ബിജെപിയും വിലയിരുത്തിയത്. എന്നാല്‍, അങ്ങിനെ അല്ലെന്നും വലിയ വെളിപ്പെടുത്തല്‍ അടുത്ത ദിവസങ്ങളിലുണ്ടാവുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

തങ്ങള്‍ക്കൊന്നിനെയും ഭയമില്ലെന്ന രീതിയില്‍ സതീശന്റെ ഭീഷണിയോട് എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കോര്‍ കമ്മിറ്റി അംഗത്തിനെതിരായ സന്ദീപ് വാര്യരുടെ ഭീഷണി അവരുടെ കുടുംബകാര്യമെന്നാണ് ബിജെപി നേതാക്കളുടെയും നിലപാട്.

ALSO READ: ‘ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് ഞങ്ങള്‍ക്കറിയാം’; അവന്തികയുടെ ആരോപണത്തെ നേരിടാന്‍ കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌ജെന്‍ഡറുകള്‍ രംഗത്ത്

പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയര്‍ ‘കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. ബിജെപിയിലായിരിക്കെ സന്ദീപിന്റെ കടുത്ത വൈരിയായിരുന്ന നേതാവിനെ തന്നെയാണ് അദ്ദേഹം ഉന്നമിട്ടതെന്നു സൂചനകളുണ്ട്.

ഇവര്‍ക്കിടയിലെ പോര് അന്ന് ബിജെപിക്കു പുറത്തേക്കും വ്യാപിച്ചിരുന്നു. പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം. എന്നാല്‍, അതിനുമപ്പുറം പലതും സന്ദീപിന്റെ കൈയിലുണ്ടെന്നാണ് വിവരം.

‘സിപിഎമ്മുകാര്‍ അധികം കളിക്കരുത്. ഞെട്ടിപ്പോകും’ എന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. ഒരു വനിതാനേതാവ് പാര്‍ട്ടിക്കു നല്‍കിയ പരാതിയെക്കുറിച്ച് രഹസ്യമായി ലഭിച്ച വിവരം പങ്കുവയ്ക്കുകയാണ് സതീശന്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. പാര്‍ട്ടിനേതാവിനെതിരെയുള്ള ഈ പരാതി നേതൃത്വം അവഗണിച്ചെന്ന വിവരമാണു ലഭിച്ചതെന്നും പറയപ്പെടുന്നു. ഇടതുപക്ഷത്തെ യുവനേതാവ് ഉള്‍പ്പെടെ കുടുക്കിലാവുന്ന വിവരങ്ങളും പുറത്തുവന്നേക്കും.

രാഹുലിനെതിരെ നടപടി കൈക്കൊണ്ടശേഷവും പ്രതിപക്ഷ നേതാവിന്റെ വസതിക്കു മുന്നില്‍ സിപിഎമ്മും ബിജെപിയും നടത്തിയ പ്രതിഷേധം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ആരോപണ വിധേയര്‍ ഉണ്ടായിരിക്കെ കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ എന്തു ധാര്‍മികതയാണ് സിപിഎമ്മിന് ഉള്ളതെന്ന ചോദ്യം കെപിസിസി നേതൃയോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടിക്കകത്തെ ഈ വികാരമാണ് സതീശന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഇനിയും സംയമനം വേണ്ടെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കാനുമാണ് പാര്‍ട്ടി തീരുമാനം.