കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട്ടെ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുടെ ആരോപണത്തെ നേരിടാന്‍ കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌ജെന്‍ഡറുകള്‍ രംഗത്ത്. അവന്തികയുടെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
|
രാഹുല്‍ നല്ല സുഹൃത്താണെന്നാണ് ആരോപണം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പ് വരെ അവന്തിക പറഞ്ഞിരുന്നതെന്ന് അവന്തികയുടെ സുഹൃത്തും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അന്ന രാജു പറഞ്ഞു. രാഹുല്‍ എം.എല്‍.എ ആകുന്നതിന് മുമ്പ് തന്നെ ഇരുവരും സുഹൃത്തുക്കളാണ്. സമൂഹമാധ്യമങ്ങള്‍ വഴി മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തിട്ടുമുണ്ട്. പക്ഷേ, ഒരിക്കല്‍പോലും രാഹുല്‍ മോശമായി മെസേജ് അയച്ചതായി പറഞ്ഞിട്ടില്ല. രാഹുലും അവന്തികയും മെസേജ് അയക്കുന്ന സമയത്ത് തങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്നും തനിക്കറിയാം. അവന്തികയുടെ അടിസ്ഥാനരഹിതായ ആരോപണങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെയും ദോഷമായി ബാധിച്ചു.
സമാന ആരോപണങ്ങള്‍ ഉന്നയിച്ച് അവന്തിക ഇതിനുമുമ്പും പൊലിസില്‍ കേസ് കൊടുത്തിട്ടുണ്ട്. കോട്ടയം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നല്‍കിയ കേസില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിലെ ഒരാളുമായിരുന്നു പ്രതിസ്ഥാനത്ത്. ഈ കേസുകള്‍ പിന്നീട് 50,000 രൂപ വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്നും അന്ന രാജു പറഞ്ഞു. ചേര്‍ത്തുനിര്‍ത്തുന്നവരെ തേജോവധം ചെയ്യുന്ന രീതി അംഗീകരിക്കാനാകില്ല. രാഹുലിനെ കരിവാരിത്തേക്കാനാണ് ആരോപണത്തിലൂടെ അവന്തിക ലക്ഷ്യമിട്ടത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അവന്തിക മറ്റുള്ളവരോട് പറയുന്നതിന്റെ ശബ്ദ സന്ദേശം തന്റെ പക്കല്‍ ഉണ്ട്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്നുള്ള കാര്യം തെളിവ് സഹിതം സമയം വരുമ്പോള്‍ പുറത്തുവിടും.
ആരോപണം ഉന്നയിക്കാനന്‍ പ്രേരിപ്പിച്ച പലരും ഇന്ന് അവന്തികയ്ക്ക് ഒപ്പം ഇല്ല. ഒറ്റയ്ക്കായ അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്. രാഹുലിനെതിരായ ആരോപണത്തിലെ സത്യാവസ്ഥ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തരുതെന്ന് സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്ന് നിര്‍ദേശം ഉള്ളതായാണ് അവന്തിക പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് നേതാവ് രാഗ രഞ്ജിനിയും പങ്കെടുത്തു.
Pro-Congress transgenders are coming forward to counter the allegations made by transgender Avantika against former Youth Congress state president and Palakkad MLA Rahul Mangkootatil.


