27
Apr 2024
Fri
27 Apr 2024 Fri
Polling started in Wayanad and Chelakkara

തിരുവനന്തപുരം: വിധിയെഴുത്തിന് മിനിറ്റുകള്‍ മാത്രം ശേഷിക്കേ കേരളത്തിലെ 20 മണ്ഡലങ്ങലും വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ ബൂത്തുകളിലും പുലര്‍ച്ചെ തന്നെ ഉദ്യോഗസ്ഥര്‍ എത്തി മോക്ക് പോളിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ( kerala ready to vote; polling starts at 7 am )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 7ന് വോട്ടിങ് തുടങ്ങും. വൈകീട്ട് 6 വരെയാണ് പോളിങ് സമയം. കേരളം ഉള്‍പ്പടെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്തെ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയിട്ടുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ തവണ 77.84 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിലൊന്നായിരുന്നു അത്. ഇത്തവണ കാലാവസ്ഥ പ്രതികൂലമായതിനാല്‍ പോളിങ് കുറയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചൂട് കൂടുതലായതിനാല്‍ രാവിലെ തന്നെ പരമാവധി ആളുകള്‍ വോട്ട് ചെയ്യാനെത്തിയേക്കും. ഇന്ന് ജുമുഅ ദിവസമാണെന്നതിനാലും രാവിലെ പോളിങ് കൂടാന്‍ സാധ്യതയുണ്ട്.

കേരളത്തിനൊപ്പം കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 8 വീതം, മധ്യപ്രദേശില്‍ 6, ബിഹാറിലും അസമിലും 5 വീതം, ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം, ത്രിപുര, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ വീതവുമാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. 1206 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

നാല്‍പ്പത് ദിവസം നീണ്ട പ്രചാരണം അവസാനിപ്പിച്ച ശേഷം, അവസാന അടിയൊഴുക്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 സീറ്റുകളില്‍ 2019 ല്‍ 62 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒപ്പമായിരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളും തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെ. അഞ്ച് ലക്ഷത്തോളം പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിങിനെത്തുമെന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നു.