കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 15 ഫൈനലുകളാണ് നടക്കുക. അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മലപ്പുറത്തിന് 192 ഉം പാലക്കാടിന് 169ഉം പോയിന്റുണ്ട്. ട്രാക് ഇനങ്ങളിൽ സ്വർണ വേട്ടയിൽ പാലക്കാടാണ് മുന്നിൽ നിൽക്കുന്നത്. 20 സ്വർണമാണ് ഇതുവരെ പാലക്കാട് നേടിയത്.
|
ഗെയിംസിലെയും അക്വാട്ടിക്സിലെയും മികവിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പട്ടം തിരുവനന്തപുരം നേരത്തെ ഉറപ്പിച്ചിരുന്നു. 1926 പോയിന്റ് ആണ് തിരുവനന്തപുരം നേടിയത്. 226 സ്വർണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 80 സ്വർണവും 65 വെള്ളിയും 96 വെങ്കലവുമായി 845 പോയിന്റോടെ തൃശ്ശൂർ രണ്ടാം സ്ഥാനത്ത് ആണ്. 61 സ്വർണവും 81 വെള്ളിയും 134 വെങ്കലവുമായി 769 പോയിൻ്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുണ്ട്.
വിജയിക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി നൽകുന്നതോടൊപ്പം അണ്ടർ 14, 17, 19 കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ലയ്ക്കും അത്‌ലറ്റിക്‌സ്, അക്വാട്ടിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന് സ്ഥാനക്കാരായ സ്കൂൾ, ജില്ല തുടങ്ങിയവയ്ക്കും മുഖ്യമന്ത്രി ട്രോഫി നൽകും.
ഇന്ന് വൈകിട്ട് നാലിന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭയ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ എം വിജയൻ, നടൻ വിനായകൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.





