ബത്തേരി: ചുണ്ടേല്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ 30 വര്‍ഷത്തോളം ഇറച്ചിവെട്ടുകാരിയായിരുന്ന റൂഖിയ (66) അന്തരിച്ചു. (Kerala’s first female butcher; Chundel Rukiya passes away) സംസ്ഥാനത്ത് ആദ്യമായി ഇറച്ചിവെട്ട് രംഗത്ത് എത്തിയ വനിതയായാണ് റൂഖിയയെ കണക്കാക്കുന്നത്. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം.
|
പിതാവ് മരിച്ചതോടെയാണ് പത്താം വയസ്സില്‍ റൂഖിയ കൂടുംബഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. എന്നില്‍, ഇവിടെ നിന്നുള്ള കൂലി നിത്യച്ചെലവുകള്‍ തികയാതെ വന്നതോതെടായാണ് അന്ന് വരെ സ്ത്രീകളാരും കൈവെക്കാത്ത ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിഞ്ഞത്.
1989 ലാണ് ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്. തുടക്കകാലത്ത് ഇറച്ചിവെട്ടും കാലിക്കച്ചവടവുമെല്ലാം ഒരു സ്ത്രീ ഏറ്റെടുത്ത് ചെയ്യുന്നതില്‍ ചുറ്റുമുള്ളവര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. പല തരം ആക്ഷേപങ്ങള്‍ നേരിടേണ്ട വന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരായിരുന്നു ഏറെയും. എന്നാല്‍ റുഖിയ തന്റെ ദൃഢനിശ്ചയത്താല്‍ മുന്നോട്ട് പോവുകയായിരുന്നു.
ALSO READ: ആലുവ ലോഡ്ജില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; വീഡിയോ കോളില്‍ സുഹൃത്തുക്കളെ അറിയിച്ച് പ്രതി
തന്റെ വിവാഹം പോലും വേണ്ടെന്ന് വച്ചാണ് റുഖിയ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചത്. പ്രായാധിക്യ പ്രശ്നങ്ങള്‍ അലട്ടിയതോടെ 2014 ലാണ് അറവ് നിര്‍ത്തിയത്.
പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റ് കച്ചവടങ്ങളിലും സജീവമായി തുടര്‍ന്നു. 45 വര്‍ഷം സഹായിയായിരുന്ന കൂട്ടുകാരി ലക്ഷ്മിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. സഹോദരിയുടെ മകന്‍ മനു അനസും മകനെപ്പോലെ റുഖിയയോടൊപ്പം നിന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഈ പെണ്‍ പോരാളി.
സഹായം ചോദിച്ച് ആരെത്തിയാലും കൈയിലുള്ളത് നല്‍കാന്‍ മടിയുണ്ടായിരുന്നില്ല. വരുമാനത്തില്‍ വലിയ പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. ഫുട്ബോളിനെ അത്ര മേല്‍ ഇഷ്ടപ്പെട്ടിരുന്ന റുഖിയ ചുണ്ടേലും പരിസരത്തും എവിടെ ഫുട്ബോള്‍ കളിയുണ്ടെങ്കിലും കാണാനെത്തും. കളിക്കാരെയും ക്ലബ്ബുകളെയും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു.
2022 ലെ വനിതാ ദിനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ആദരിച്ച 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.


