കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് സിപിഐ എം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ ജെ ഷൈന്‍ ടീച്ചര്‍. പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല. കോണ്‍ഗ്രസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. റിപോര്‍ട്ടര്‍ ചാനലില്‍ ഭര്‍ത്താവ് ഡൈന്യൂസിനൊപ്പം ഒരുമിച്ചെത്തി പ്രതികരിക്കുകയായിരുന്നു അവര്‍.
|
സിപിഎം എംഎല്‍എയെ ഭര്‍ത്താവില്ലാത്ത സമയത്ത് ഷൈന്‍ ടീച്ചറുടെ വീട്ടില്‍ വച്ച് നാട്ടുകാര്‍ പിടികൂടി എന്ന രീതിയിലായിരുന്നു പ്രചാരണം. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎല്‍എയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. അതില്‍നിന്നും ശ്രദ്ധതിരിക്കാനായിരിക്കും തനിക്കെതിരെയുള്ള ഈ ആരോപണങ്ങളെന്ന് ടീച്ചര്‍ പറഞ്ഞു.
സെപ്തംബര്‍ 11ന് ഒരു പൊതുവേദിയില്‍ വെച്ച് പ്രദേശിയ കോണ്‍ഗ്രസ് നേതാവ് ടീച്ചറെ ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നിഷ്‌കളങ്കമായി പറഞ്ഞതാകാം.
രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പുകമറ സൃഷ്ടിക്കുന്ന പോസ്റ്ററുകള്‍ പുറത്ത് വന്നത്. തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റര്‍. അതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അറിയാതെ ഇങ്ങിനെ ഒരു പോസ്റ്റ് വരില്ല. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പറവൂരിലുള്ള സി കെ ഗോപാല കൃഷ്ണന്‍ ആണ് ആദ്യം ഇത് പോസ്റ്റ് ചെയ്തത്. സിപിഎമ്മിനെതിരേ ഒരു ബോംബ് വരുന്നുണ്ട് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം ഇതോട് ചേര്‍ത്തു വായിക്കണം.
വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കടുത്ത സൈബര്‍ ആക്രമണം ഉണ്ടായതോടെ പൊലീസില്‍ പരാതി നല്‍കി. എസ്പി ഓഫിസില്‍നിന്ന് വിളിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും പരാതി നല്‍കിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ല.
സ്ത്രീകള്‍ വീട്ടില്‍ മാത്രം ഇരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീകള്‍ക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങളിലൂടെ സ്ത്രീകള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയെന്നും ടീച്ചര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ വിളിച്ച് തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ആരോപങ്ങള്‍ വന്നതോടെ തനിക്ക് ഷൈനിനോടുള്ള സ്‌നേഹം കൂടിയെന്ന് ഡൈന്യൂസ് പറഞ്ഞു. പ്രതിസന്ധികള്‍ വരുമ്പോള്‍ കൂടെ നില്‍ക്കുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





