
IPL-2024: പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത
![]() |
|
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മഴമൂലം 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 18 റണ്‍സ് ജയമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 16 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.. ജയത്തോടെ 18 പോയിന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീമായി.
അവസാന ഓവറില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് വേണ്ടിയിരുന്നത് 22 റണ്‍സ്. ഹര്‍ഷിത് റാണ എറിഞ്ഞ ഓവറിലെ മുംബൈ ബാറ്റ്‌സമാന്‍മാര്‍ക്ക് നേടാനായത് മൂന്ന് റണ്‍സ് മാത്രം. നമാന്‍ധിര്‍, തിലക് വര്‍മ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി യുവതാരം സ്വന്തംതട്ടകമായ ഈഡന്‍ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സമ്മാനിച്ചത് 18 റണ്‍സ് ജയം.
ഓപ്പണിങില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നതോടെയാണ് മുംബൈ മറ്റൊരു തോല്‍വികൂടി വഴങ്ങിയത്. 22 പന്തില്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ടോപ് സ്‌കോററായി. രോഹിത് ശര്‍മ(19), സൂര്യകുമാര്‍ യാദവ്(11),ഹാര്‍ദിക് പാണ്ഡ്യ(2), ടിം ഡേവിഡ്(0)നേഹല്‍ മധേര(3) എന്നിവരും വേഗത്തില്‍ മടങ്ങി. അവസാന ഓവറുകളില്‍ തിലക് വര്‍മയും നമാന്‍ധിറും ചേര്‍ന്ന് ആക്രമിച്ച് കളിച്ചെങ്കിലും ഇരുവരേയും പുറത്താക്കി ഹര്‍ഷിത് റാണ മത്സരം കൊല്‍ക്കത്തക്ക് അനുകൂലമാക്കി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത 16 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് സ്‌കോര്‍ ചെയ്തത്.
വെങ്കിടേഷ് അയ്യര്‍ 21 പന്തില്‍ 42 റണ്‍സുമായി ടോപ് സ്‌കോററായി. പരിക്ക്മാറി ടീമിലേക്ക് മടങ്ങിയെത്തിയ നിതീഷ് റാണ (23 പന്തില്‍ 33) റണ്‍സുമായി മികച്ചപ്രകടനം നടത്തി. ആന്ദ്രെ റസല്‍ (14 പന്തില്‍ 24), റിങ്കു സിങ്(12 പന്തില്‍ 20), രമണ്‍ദീപ് സിങ്(എട്ട് പന്തില്‍ 17) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 150 കടന്നു. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് ചേര്‍ക്കുന്നതിനിടെ മികച്ച ഫോമിലുള്ള ഫില്‍സാള്‍ട്ടും(6) സുനില്‍ നരേനും(0) മടങ്ങി. അത്യുഗ്രന്‍ യോര്‍ക്കറിലൂടെയാണ് ബുംറ നരെയ്‌നെ മടക്കിയത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വന്ന പന്തിനെ ലീവ് ചെയ്ത വിന്‍ഡീസ് താരത്തിന് പിഴച്ചു. ലൈന്‍ മനസിലാക്കുന്നതില്‍ നേരിട്ട വലിയ പിഴവ് കാരണം ഓഫ്സ്റ്റമ്പുമായാണ് പന്ത് പറന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(7) വലിയ സ്‌കോര്‍ നേടാതെ മടങ്ങിയതോടെ പവര്‍പ്ലെയില്‍ കെകെആര്‍ തിരിച്ചടി നേരിട്ടു. എന്നാല്‍ വെങ്കിടേഷ് അയ്യര്‍നിതീഷ് റാണ കൂട്ടുകെട്ട് സ്‌കോറിംഗ് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. മുംബൈക്കായി ജസ്പ്രീത് ബുംറയും പീയുഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.